DM - Sapiens - പുസ്തകപരിചയം

DM - Sapiens - പുസ്തകപരിചയം

ബഷീർ പാലപ്ര

ഇസ്രയേൽകാരനും ജറുസലം യൂനിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനുമായ യുവാൽ നോഹ് ഹരാരിയാണ് 'സാപിയൻസ് - മനുഷ്യരാശിയുടെ ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കർത്താവ്.

2011-ൽ ഹീബ്രു ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതി പിന്നീട് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോക പ്രശസ്തമാവുകയുമാണ് ചെയ്തത്‌. അടിസ്ഥാനപരമായി അക്കാദമിക തലത്തിൽ അദ്ദേഹത്തിൻറ മേഖല ചരിത്രമാണെങ്കിലും നരവംശം, ജെെവ പരിണാമം, സാമൂഹ്യ പരിണാമം, സാമൂഹ്യ ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി ഒട്ടേറെ മേഖലകളെ സ്പർശിച്ചു കൊണ്ടാണ് എഴുത്ത് മുന്നേറുന്നത്. തൻറ വാദങ്ങളെ സപ്പോർട്ടു ചെയ്യുന്ന സമൃദ്ധമായ റഫറൻസുകളാണ് ഈ പുസ്തകത്തെ ആധികാരികമാക്കുന്നത്.

'നമ്മുടെ വിശ്വാസങ്ങൾ എന്തൊക്കെയായാലും വിവാദങ്ങളെ ഭയപ്പെടാതെ ലോകത്തെക്കുറിച്ചു നിലവിലുള്ള പാഠങ്ങളെ ചോദ്യം ചെയ്യാനും ഗതകാല മുന്നേറ്റങ്ങളെ വർത്തമാന ആശങ്കകളുമായി ബന്ധിപ്പിക്കാനും ഞാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നു' എന്നു പറഞ്ഞാണ് ഹരാരിയുടെ തുടക്കം.

ആദിമ മനുഷ്യൻ നൂറ്റാണ്ടുകൾ പിന്നിട്ട യാത്രയിൽ ജെെവികമായും സാമൂഹികമായും പല തരത്തിലുള്ള പരിണാമ ഘട്ടങ്ങളിലൂടെ കടന്നു വന്ന് (മനുഷ്യൻറയും ചിമ്പാൻസികളുടെയും പൊതു പൂർവ്വികയായ അമ്മൂമ്മ ജീവിച്ചത് 6 മില്ല്യൺ വർഷങ്ങൾക്കു മുമ്പ്, കാർഷിക വൃത്തിയിലേർപ്പെടാനും അലഞ്ഞു നടന്നവൻ സ്ഥിര താമസക്കാരനായതും വെറും 12000 വർഷങ്ങൾക്കു മുമ്പ്, ശാസ്ത്ര മുന്നേറ്റം തുടങ്ങിയത് 500 വർഷങ്ങൾക്കു മുമ്പ്, വ്യാവസായിക വിപ്ളവം വന്നത് 200 വർഷങ്ങൾക്കു മുമ്പ്) ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുമ്പോഴും അടിസ്ഥാനപരമായി മനുഷ്യൻ ഒരു പാട് വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോ ടെക്നോളജി എന്നീ മേഖലകളിലെ മുന്നേറ്റങ്ങൾ മനുഷ്യൻറ തന്നെ അന്തകനായാൽ അത്ഭുതപ്പെടാനില്ലെന്നും അത് ഹോമോസാപിയൻസ് എന്ന സ്പീഷിൻറ അന്ത്യം കുറിക്കാൻ കാരണമാകുമെന്നാണ് ഹരാരി പറയാൻ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഒരു തരം നെഗറ്റീവ് അപ്രോച്ചിലൂടെയാണ് മനുഷ്യ ചരിത്രത്തിലെ നാഴികക്കല്ലുകളായ പല മുന്നേറ്റങ്ങളെയും ഹരാരി സമീപിക്കുന്നത്.

ഉള്ളടക്കം

(ചരിത്രത്തിൻറ നാൾവഴികൾ)

ഭാഗം ഒന്ന് - അവബോധ വിപ്ളവം.

1. അപ്രസക്തനായൊരു ജീവി.
2. ജ്ഞാനവൃക്ഷം.
3. ആദമിൻറയും ഹവ്വയുടെയും ജീവിതത്തിൽ നിന്നും ഒരു ദിവസം.
4. പ്രളയം.

ഭാഗം -2  കാർഷിക വിപ്ളവം.

5. ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്.
6. പിരമിഡുകൾ ഉണ്ടാക്കുന്നു.
7. ഓർമകളുടെ ഭാരം.
8. ചരിത്രത്തിൽ നീതിയില്ല.

ഭാഗം - 3 മനുഷ്യരാശിയുടെ ഏകീകരണം.

9. ചരിത്രത്തിൻറ അസ്ത്രം.
10. പണം.
11. സാമ്രാജ്യത്വ കാഴ്ചകൾ.
12. മതത്തിൻറ നിയമം.
13. വിജയ രഹസ്യം.

ഭാഗം -4  ശാസ്ത്ര വിപ്ളവം.

14. അജ്ഞതയെ കണ്ടെത്തൽ.
15. ശാസ്ത്രത്തിൻറയും സാമ്രാജ്യത്തിൻറയും പരിണയം.
16. മുതലാളിത്ത പ്രമാണം.
17. വ്യവസായത്തിൻറ ചക്രങ്ങൾ.
18. സ്ഥായിയായൊരു വിപ്ളവം.
19. പിന്നെ, എന്നെന്നേക്കും അവർ സന്തോഷത്തോടെ ജീവിച്ചു.
20. ഹോമോസാപിയൻസിൻറ അവസാനം.

പിൻകുറി - ദെെവമായി മാറിയ ജീവി.

തീ

8 ലക്ഷം വർഷങ്ങൾക്കു മുമ്പു തന്നെ ചില ഹ്യൂമൻ സ്പീഷീസുകൾ അപൂർവ്വമായി തീ ഉപയോഗിച്ചിട്ടുണ്ടാവാമെങ്കിലും മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഹോമോ ഇറക്റ്റസും, നിയാണ്ടർത്താലും ഹോമോസാപിയൻസിൻറ (നമ്മുടെ) പൂർവ്വികരും ദെെനം ദിന ജീവിതത്തിൽ തീ ഉപയോഗിക്കാർ തുടങ്ങിയത്. ഹോമോ ജനുസ്സിനും മറ്റു മൃഗങ്ങൾക്കുമിടയിൽ ആദ്യമായി വലിയ വിടവ് സൃഷ്ടിച്ച സംഭവമായിരുന്നു തീ യഥേഷ്ടം ഉപയോഗിക്കാൻ തുടങ്ങിയത്. അതോടെ പ്രകൃതി ശക്തികളെ കീഴടക്കാമെന്നായി. ഭക്ഷണത്തിൽ കൂടുതൽ വെെവിധ്യം വന്നു, സമയം ലാഭിക്കാനായി എന്നിവക്കു പുറമെ പല്ലിൻറ നീളം കുറയുക, താടിയെല്ലിൽ വ്യത്യാസം വരിക തുടങ്ങി പരിണാമപരമായ മാറ്റങ്ങളും വേവിച്ച ഭക്ഷണം കഴിക്കാർ തുടങ്ങിയതോടെ ഉണ്ടായി.

തീ ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും ഒന്നര ലക്ഷം വർഷം മുമ്പു വരെ ഹ്യൂമൻ നിസ്സാരനായൊരു ജീവി തന്നെയായിരുന്നു. പൂർവ്വികരിൽ നിന്ന് പരിണമിച്ച് എവിടെ, എന്ന് ഹോമോ സാപിയൻസ് ഉണ്ടായി എന്നു കൃത്യമായി പറയാൻ വയ്യെങ്കിലും ഇന്നത്തെ രൂപഭാവങ്ങളിലുള്ള ഹോമോസാപിയൻസ് ഒന്നര ലക്ഷം വർഷം മുമ്പ് കിഴക്കൻ ആഫ്രിക്കയിലാണ് കാണപ്പെട്ടതെന്ന കാര്യത്തിൽ മിക്ക ശാസ്ത്രജ്ഞരും ഏകോപിച്ചിരിക്കുന്നു.എഴുപതിനായിരം വർഷം മുമ്പാണ് കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഹോമോസാപിയൻസ് അറേബ്യൻ ഉപദ്വീപിലേക്കും അവിടെ നിന്ന് യൂറേഷ്യയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചത്‌.

ഹോമോസാപിയൻസ് എത്തുമ്പോൾ അറേബ്യയിലും യൂറേഷ്യയിലും നിയാണ്ടർത്താൽ പോലുള്ള ഹ്യൂമൻ വിഭാഗത്തിൽ (സ്പീഷീസ്) പെട്ട മറ്റു പല വർഗ്ഗങ്ങളുമുണ്ടായിരുന്നു. അവർക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ രണ്ടഭിപ്രായങ്ങളാണ് പ്രബലമായിട്ടുള്ളത്. ഹോമോസാപിയൻസ് അവരുമായി ഇണ ചേർന്ന് സങ്കരവർഗ്ഗമുണ്ടാവുകയാണ് ചെയ്തതെന്നും അവരുടെ പിൻതുടർച്ചക്കാരാണ് ഇന്നത്തെ ഹോമോസാപിയൻസെന്നുമാണ് ഒരഭിപ്രായം. ആ വാദപ്രകാരം ഇന്ന് യുറേഷ്യൻ ഭൂപ്രദേശങ്ങളിൽ താമസിക്കുന്നവർ നിയാണ്ടർത്താലുമായി ഇണ ചേർന്നുണ്ടായ സങ്കര വർഗ്ഗമാണ്‌. അതു പോലെ കിഴക്കനേഷ്യയിലെത്തിയ സാപിയൻസ് അവിടെ അധിവസിച്ച ഹോമോ ഇറക്റ്റസുമായി ഇണ ചേർന്നുണ്ടായവരാണ് ചെെനക്കാരും കൊറിയക്കാരും.

രണ്ടാമത്തെ വാദപ്രകാരം ജെെവശാസ്ത്രപരമായ കാരണങ്ങളാൽ തന്നെ അത്തരമൊരു ഇണചേരൽ ഉണ്ടായിട്ടില്ലെന്നും മറ്റു വർഗ്ഗങ്ങൾ സാപിയൻസുമായുള്ള മൽസരത്തിലോ അല്ലാതെയോ സ്വയം നശിച്ചു പോവുകയോ കൊല്ലപ്പെടുകയോ ആണുണ്ടായതെന്നുമാണ്‌.

സാപിയൻസ് പ്രതിസ്ഥാനത്താണെങ്കിലും അല്ലെങ്കിലും ഒരു ഭൂപ്രദേശത്ത് അവരെത്തിച്ചേർന്ന് ഏറെ വെെകാതെ അവിടത്തെ സ്വദേശികൾ നാമാവശേഷരായി എന്നതാണ് വസ്തുത. അമ്പതിനായിരം വർഷം മുമ്പ് ഹോമോ സൊളോഎൻസിസ് അപ്രത്യക്ഷരായി. വെെകാതെ ഹോമോ ഡെനിസോവയും മുപ്പതിനായിരം വർഷം മുമ്പ് നിയാണ്ടർത്താലും വിട പറഞ്ഞു. എന്തായിരുന്നു ഹോമോസാപിയൻസിൻറ അതിജീവന രഹസ്യം? അവരാർജ്ജിച്ച അതുല്ല്യമായ ഭാഷ തന്നെ!

ജ്ഞാനവൃക്ഷം

ഗ്രഹിക്കാനും ഓർമിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷിയിൽ (cognitive ability) സാപിയൻസ് മികവ് നേടുന്നത് എഴുപതിനായിരം വർഷം മുമ്പു മുതൽ മുപ്പതിനായിരം വർഷം വരെയുള്ള കാലയളവിലാണ്. അതിനവരെ പ്രാപ്തമാക്കിയതെന്താണ്? തീർത്തു പറയാൻ വയ്യ. ആകസ്മികമായുണ്ടായ ജനിതക ഉൽപരിവർത്തനം ബ്രെയിനിൻറ ഘടനയിലുണ്ടാക്കിയ മാറ്റങ്ങളാണ് അതിന് സഹായകമായതെന്നാണ് ശാസ്ത്ര ലോകത്ത് പൊതുവെയുള്ള വിശ്വാസം. അപ്പോൾ നിയാണ്ടർത്താലിൻറ കാര്യത്തിൽ എന്തു കൊണ്ടത് സംഭവിച്ചില്ലെന്നു ചോദിച്ചാൽ അതൊരു (സാപിയൻസിൻറ മാറ്റം) യാദൃച്ഛിതയായിരുന്നു എന്ന് പറയുകയേ നിവൃത്തിയുള്ളൂ.

ഭാഷ ആർജ്ജിച്ചെടുത്തു എന്നതോ ആശയ വിനിമയം നടത്താൻ ശേഷിയുണ്ടായി എന്നത് മാത്രമോ അത്ര അസാധാരണമായൊരു സംഗതിയൊന്നുമല്ല. മറ്റു പല ജീവികൾക്കും, എന്തിനധികം, തേനീച്ചകൾക്കും ഉറുമ്പുകൾക്കു പോലും അവരുടെതായ ഭാഷയും ആശയ വിനിമയ രീതികളുമുണ്ട്‌. പിന്നെ നമ്മുടെ ഭാഷയ്ക്കു മാത്രം എന്താണിത്ര സവിശേഷത?

നമ്മുടെ ഭാഷ കൂടുതൽ വഴക്കമുള്ളതാണെന്നാണ് പൊതുവായ ഉത്തരം. കുറഞ്ഞ ഏതാനും ശബ്ദങ്ങളും സൂചകങ്ങളും കൊണ്ട് കൊണ്ട് സവിശേഷമായ അർത്ഥങ്ങൾ പ്രദാനം ചെയ്യാൻ ശേഷിയുള്ള എണ്ണമറ്റ വാചകങ്ങളുണ്ടാക്കാൻ കഴിയുമെന്നതാണ് അതിൻറ മികവ്. അത് നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അതിവിശാലമായ അറിവുകൾ സ്വായത്തമാക്കാനും സൂക്ഷിച്ചു വെയ്ക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും നമ്മെ പ്രാപ്തരാക്കി.

ഭാഷയെക്കുറിച്ചു പറയുമ്പോൾ നമുക്കു തമാശയായി തോന്നാമെങ്കിലും നിരന്തരം ഗോസിപ്പുകൾ പറയുക എന്ന മനുഷ്യ സ്വഭാവമാണ് ഭാഷയെ കൂടുതൽ സജീവമാക്കിയത്. നിലവിൽ യഥാർത്ഥത്തിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ വിനിമയം ചെയ്യാനുള്ള കഴിവിലേറെ ഒരിക്കലും നിലവിലില്ലാത്തതും അയഥാർത്ഥവുമായ ഭാവനകളെയും സങ്കൽപങ്ങളെയും വിനിമയം ചെയ്യാനുള്ള ശേഷിയാണ് മനുഷ്യ ഭാഷയെ ഏറ്റവും വ്യത്യസ്തമാക്കിയ ഘടകം. ഭാവനകളുടെ പുതിയൊരു ലോകം.അങ്ങനെ ഇതിഹാസങ്ങളും മിത്തുകളും മതങ്ങളും ദെെവങ്ങളും കടന്നു വന്നു.

പക്ഷെ വേറൊരു കാര്യമുണ്ടായി, ഒറ്റപ്പെട്ട വ്യക്തികൾ എന്നതിലുപരി സംഘടിതമായി ചില കാര്യങ്ങളെ സങ്കൽപിക്കുന്നതിലേക്ക് അത് വളർന്നു (ബെെബിളിലെ സൃഷ്ടി കഥയെ കൂട്ടായി സങ്കൽപിക്കാൻ കഴിയുന്നത് പോലെ). ഒരു സങ്കൽപത്തിന് പിറകിൽ നിന്ന് ഒരു പാട് മനുഷ്യർക്ക് സഹകരിച്ചു പ്രവർത്തിക്കാമെന്നായി, ഒരു ലക്ഷ്യത്തിനു വേണ്ടി. ദേശീയത തുടങ്ങിയ സങ്കൽപങ്ങൾ ഓർത്തെടുക്കുക, അല്ലെങ്കിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു എസ്റ്റാബ്ളിഷ്ട് കമ്പനിയുടെ പ്രവർത്തനത്തെ സങ്കൽപിക്കുക.(കറൻസിയുടെ ഉപയോഗത്തെക്കുറിച്ചു സങ്കൽപിക്കുക) മനുഷ്യാവകാശം പോലും ഒരു സങ്കൽപമാണ്. മരം, നദി, തുടങ്ങിയ മൂർത്ത യാഥാർത്ഥ്യങ്ങളേക്കാൾ ദെെവങ്ങൾ, രാഷ്‌ട്രങ്ങൾ, സഹകരണം തുടങ്ങിയ അമൂർത്ത സങ്കൽപങ്ങൾ ശക്തമായി മനുഷ്യരെ സ്വാധീനിക്കാൻ തുടങ്ങി.

ജെെവിക പരിണാമത്തെ കവയ്ച്ചു വെച്ചു കൊണ്ടാണ് എപ്പോഴും സാംസ്കാരിക പരിണാമം മുന്നേറിയത്. രാജാവിൻറ അധികാരങ്ങൾ ദെെവപ്രോക്തവും ദിവ്യവുമാണെന്ന മിത്തിൽ നിലകൊണ്ട ഫ്രഞ്ച് ജനത  പെട്ടെന്നൊരു വേളയിൽ പ്രജകൾക്ക് പരമാധികാരം നൽകുന്നൊരു ഭാവനയിലേയ്ക്കു വളർന്നത് ഓർക്കുക. പഴയ മിത്തുകളുടെ സ്ഥാനത്ത് പുതിയ മിത്തുകളെ സൃഷ്ടിച്ചാണ് സാംസ്കാരിക പരിണാമം സാധ്യമാകുന്നത്.

ആധുനിക മനുഷ്യനെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഭക്ഷണം തേടി അലയുന്ന ആ ആദിമ മനുഷ്യനെക്കുറിച്ചും നാം ഓർത്തിരിക്കണം. ചരിത്രത്തിലുടനീളം (ഇന്നും) ഭക്ഷണം തേടി അലയുക തന്നെയാണ് മനുഷ്യൻ. ആദിമ കാലത്ത് വേട്ടക്കാരനായും പിന്നെ കർഷകനായുമൊക്കെ (കഴിഞ്ഞ 200 വർഷങ്ങളായി നഗരങ്ങളി ജോലിക്കാരും ഓഫീസ് ജീവനക്കാരായുമൊക്കെയാണ് സാപിയൻസിൽ വലിയൊരു വിഭാഗം ഇര/ഭക്ഷണം തേടുന്നത്) അത് തുടരുന്നു.

പരിണാമ മനഃശാസ്ത്ര മേഖലയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ആധുനിക മനുഷ്യൻറ സാമൂഹികവും മനഃശാസ്ത്രപരവുമായ പല സ്വഭാവ സവിശേഷതകളും കാർഷിക വൃത്തിയിലേർപ്പെടാൻ തുടങ്ങുന്നതിനുമൊക്കെ ഏറെ മുമ്പ് രൂപപ്പെട്ടതാണ്‌. വ്യവസായാനന്തര കാലത്തെ മനുഷ്യരുടെ വ്യവഹാരങ്ങളിൽ (നമ്മുടെ ഭക്ഷണ രീതിയിലും സെക്സിലും കലഹങ്ങളിലുമൊക്കെ) ആദിമ കാലത്തെ വേട്ടക്കാരൻറ അദൃശ്യ സാന്നിധ്യമുണ്ട്. പുതിയ സാഹചര്യം മനുഷ്യൻറ വിഭവ ശേഷിയും ആയുസ്സും വർദ്ധിപ്പിച്ചെങ്കിലും മിക്കപ്പോഴും മനുഷ്യനെ അന്യവൽക്കരിക്കപ്പെട്ടവനും സമ്മർദ്ധത്തിനും വിഷാദത്തിനും അടിമപ്പെട്ടവനുമാക്കി മാറ്റി.

പുൽമേടുകളിലും വനാന്തരങ്ങളിലും ജീവിച്ച കാലത്തെ, കിട്ടുമ്പോൾ കിട്ടുന്നത്ര തിന്നുക എന്ന ജനിതകപ്രേരണ കൊണ്ടു കൂടിയാണ്  ഇന്ന് സമ്പന്ന സമൂഹങ്ങളിൽ കൂടുതൽ കലോറിയുള്ള ഭക്ഷണം അമിതമായി കഴിച്ച് മനുഷ്യൻ പ്രശ്നങ്ങളിലകപ്പെടുന്നത്.

ചില ഗവേഷകരുടെ അഭിപ്രായത്തിൽ ആദിമ കാലത്ത് മനുഷ്യൻ ഒരു തരം കമ്യൂൺ ജീവിതമാണ് നയിച്ചിരുന്നത്. അവർ ന്യൂക്ളിയർ കുടുംബങ്ങളോ ഏക ഭർതൃ/പത്നി വ്രതക്കാരോ ആയിരുന്നില്ല. സ്ത്രീകളും പുരുഷൻമാരും പരസ്പരം ഇണചേരുകയും പ്രത്യേകം  ആരുടേതെന്നു പറയാനാവാത്ത മക്കളെ സഹകരണത്തോടെ എല്ലാവരും ചേർന്ന് വളർത്തുകയും ചെയ്തു. ഹോമോസാപിയൻസിൻറ അടുത്ത ബന്ധുക്കളായ ചിമ്പാൻസികളുടെ ജീവിതം പഠിക്കുമ്പോൾ അതത്ര അസാധാരണമായ ഉട്ടോപ്യയൊന്നുമല്ല. ഇന്നും ഒറ്റപ്പെട്ട ചില മനുഷ്യസമൂഹങ്ങളിൽ അത്തരം രീതികൾ നിലനിൽക്കുന്നുമുണ്ട്. ഈ ആശയത്തെ പിന്തുണക്കുന്നവരുടെ വാദപ്രകാരം ഇന്നത്തെ കുടുംബ വ്യവസ്ഥ മനുഷ്യൻറ ബയോളജിക്കൽ സോഫ്ട്‍വെയറിനു  അനുയോജ്യമല്ലാത്തത് കൊണ്ടാണ് ആധുനിക വിവാഹങ്ങളിൽ വിശ്വാസ വഞ്ചനയും വിവാഹമോചനവും സാധാരണമാവുന്നത്.

മേലെ പറഞ്ഞ അഭിപ്രായത്തെ ഒട്ടേറെ പണ്ഡിതർ തള്ളിക്കളഞ്ഞിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ ഏക പതിത്വം/പത്നിത്വം തന്നെയാണ് മനുഷ്യൻറ ആദിമ പാരമ്പര്യം.ആദിമ കാലത്ത്  സംഘമായി ഒന്നിച്ചു ജീവിച്ചിരുന്നെങ്കിലും ഭാര്യയും ഭർത്താവും മക്കളും ചേർന്നൊരു വേർതിരിവ് ഇടയിലുണ്ടായിരുന്നു.ആ പാരമ്പര്യം കൊണ്ടു തന്നെയാണ് ഇന്നും മൊണോഗമി മനുഷ്യരുടെ ഇടയിൽ വ്യാപകമായി നില നിൽക്കുന്നത്‌.ഈ വിവാദത്തെ തീർപ്പാക്കാവുന്ന കൃത്യമായ തെളിവുകൾ കണ്ടെത്തുക അത്ര എളുപ്പമല്ല താനും.

ചുരുക്കത്തിൽ കാർഷിക വിപ്ളവം തുടങ്ങുന്നതിനു തൊട്ടു മുമ്പു ലോകത്താകമാനം ജീവിച്ച അമ്പത് മുതൽ എൺപത് ലക്ഷം വരെയുള്ള, അലഞ്ഞു തിരിഞ്ഞു നടന്ന നമ്മുടെ പൂർവ്വികർ ആയിരക്കണക്കിന് വ്യത്യസ്ത ഗോത്രങ്ങളായി അത്രയും തന്നെ സംസ്കാരങ്ങളും വ്യത്യസ്ത ഭാഷകളും ഉപയോഗിച്ചാണ് കഴിഞ്ഞു പോന്നത്.അത് കൊണ്ടു തന്നെ കോഗ്നറ്റീവ് റവല്യൂഷൻ മുതൽ ഏതെങ്കിലും സവിശേഷമായൊരു ജീവിത പദ്ധതിയോ രീതിയോ സർവ്വത്ര നിലനിന്നു എന്ന് കരുതാൻ ന്യായമില്ല.

പ്രഥമ സമ്പന്ന സമൂഹം

വളർത്തു മൃഗങ്ങൾ ആദിമ മനുഷ്യരുടെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഹോമോസാപിയൻസ് ആദ്യമായി മെരുക്കിയെടുത്ത് കൂടെക്കൂട്ടിയത് നായയെയായിരുന്നു. കൃത്യമായ സമയത്തെക്കുറിച്ചു വിദഗ്ദ്ധർ ഭിന്നാഭിപ്രായക്കാരാണെങ്കിലും ഏകദേശം 15000 വർഷങ്ങൾക്കു മുമ്പ് നായയെ കൂടെക്കൂട്ടിയതിന് തർക്കമില്ലാത്ത തെളിവുകളുണ്ട്. വേട്ടയ്ക്കും കാവലിനും തന്നെയാണ് അവൻ ഉപയോഗപ്പെട്ടത്. സമർത്ഥരായ നായകൾക്ക് ഭക്ഷണത്തിലടക്കം പ്രത്യേക പരിഗണന കിട്ടി. അപൂർവ്വം സന്ദർഭങ്ങളിൽ, ജീവൻ നഷ്ടപ്പട്ട നായകളെ യജമാനന്മാർ മനുഷ്യരെപ്പോലെ ആദരവോടെ അടക്കി. (വടക്കൻ ഇസ്രയേലിൽ കണ്ടെത്തിയ 12000 വർഷത്തെ പഴക്കം നിർണയിച്ചൊരു ശവക്കുഴിയിൽ 52 വയസ്സ് പ്രായമായൊരു സ്ത്രീയുടെ അസ്ഥികൂടത്തിനൊപ്പം ഒരു നായക്കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തിയിട്ടുണ്ട്).

കാർഷിക വിപ്ളവത്തിനു മുമ്പുള്ള മനുഷ്യർ ഭക്ഷണം തേടിയാണ് അലഞ്ഞത്.  ഋതുഭേദങ്ങളും ചില മൃഗങ്ങളുടെ പലായനങ്ങളും സസ്യങ്ങളുടെ വളർച്ച സമയവുമൊക്കെയാണ് അവരുടെ നീക്കങ്ങളെ സ്വാധീനിച്ചത്. എങ്കിലും ചുറ്റുമുള്ളൊരു നിശ്ചിത ഭൂപ്രദേശത്തിനു പരിധിയിലാണ് അവർ നിരന്തരം സഞ്ചരിച്ചത്‌. അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമാണ് പ്രകൃതി ദുരന്തം കാരണമോ, അക്രമാസക്തമായ കലഹം പൊട്ടിപ്പുറപ്പെട്ടിട്ടോ അല്ലെങ്കിൽ സമർത്ഥനായൊരു നേതാവിൻറ പ്രേരണയാലോ അവർ പുറം ലോകത്തേക്ക് സഞ്ചരിച്ചത്. ആ യാത്രകളാണ് മനുഷ്യൻ ലോകം മുഴുക്കെ പരക്കാൻ കാരണമായത്.

മനുഷ്യൻറ ലോകം വികസിക്കാൻ തുടങ്ങി. ഇനി ഭക്ഷണം മാത്രം പോര. അവൻ അറിവും തേടാൻ തുടങ്ങി. ഭക്ഷണം തേടുന്നത് സുഗമമാവുന്നതിന് തന്നെ ചുറ്റുമുള്ള ഭൂപ്രദേശത്തെക്കുറിച്ചും മൃഗങ്ങളുടെ സ്വഭാവങ്ങളെക്കുറിച്ചും സസ്യങ്ങളുടെ വളർച്ച ഘട്ടങ്ങളെക്കുറിച്ചും ഋതുക്കളുടെ മാറ്റങ്ങളെക്കുറിച്ചും അശനിപാതത്തിൻറ സൂചനകളെക്കുറിച്ചും മനസ്സിലാക്കി വയ്ക്കണമെന്നായി.

ഇന്ന് ഒരു ചരിത്രാധ്യാപകനോ, കമ്പ്യൂട്ടർ എഞ്ചിനീയർക്കോ, ഫാക്ടറി ജീവനക്കാരനോ തൻറ പരിമിതമായ മേഖലയിൽ മാത്രം അറിവുള്ളവനും തൻറ ചുറ്റുപാടിനെക്കുറിച്ച് ഏറെക്കുറെ അജ്ഞനുമാണ്.മറ്റു  കാര്യങ്ങൾക്ക് ആ മേഖലയിലെ ഒരു വിദഗ്ദ്ധൻറ സഹായം തേടുകയാണ് അവൻ ചെയ്യുന്നത്‌.പല മനുഷ്യരിലുമായി ശേഖരിക്കപ്പെട്ട അറിവ് വലിയൊരു സംഗതി തന്നെയാണ്, സമ്മതിക്കുന്നു. പക്ഷെ വ്യക്തി തലത്തിൽ പുരാതന മനുഷ്യരായിരുന്നു ഏറ്റവും കൂടുതൽ അറിവും വെെദഗ്ദ്ധ്യവും നേടിയ മനുഷ്യർ എന്നു പറയേണ്ടി വരും.

പൂർവ്വികർ തങ്ങളുടെ ചുറ്റുമുള്ള മൃഗങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും മാത്രം അറിവുള്ളവരായിരുന്നു എന്നു ധരിക്കരുത് നമ്മൾ. പകരം തങ്ങളുടെ ആന്തരിക ശരീരത്തെക്കുറിച്ചും ഇന്ദ്രിയങ്ങളെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. നിരന്തര ജാഗ്രത. പുൽപടർപ്പിൽ പതുങ്ങുന്നൊരു പാമ്പിൻറ നേരിയ അനക്കം പോലും അവർ തിരിച്ചറിഞ്ഞു, ഫലങ്ങൾ തേടി ഇലച്ചാർത്തുകൾക്കിടയിലും കൂടാതെ തേനീച്ചക്കൂടുകളും പക്ഷിക്കൂടുകളും അവർ സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു. നിരന്തരമുള്ള ചലനം അവരെ ദൃഢഗാത്രരാക്കി, മാരത്തോൺ ഓട്ടക്കാരുടേത് പോലെ.ആധുനിക മനുഷ്യൻ വർഷങ്ങളോളം യോഗ പരിശീലിച്ചിട്ടും നേടാത്ത ശാരീരിക നെെപുണ്യങ്ങൾ അവർ സ്വായത്തമാക്കുകയും ചെയ്തു.

അലഞ്ഞു തിരിയുന്നവൻറ ഭക്ഷണത്തിൽ സ്വാഭാവികമായും വെെവിധ്യമുണ്ടായിരുന്നു. അതവനെ പട്ടിണിയിൽ നിന്നും പോഷകക്കുറവിൽ നിന്നും കാത്തു രക്ഷിച്ചു.കാർഷികവൃത്തിയിലേർപ്പെട്ട് സ്ഥിരതാമസമായതോടെ (പ്രത്യേകിച്ച് ആധുനികതയ്ക്ക് തൊട്ടു മുൻപ്) ലഭ്യമായ ഏതെങ്കിലും ധാന്യം മാത്രമായി പ്രധാന ഭക്ഷണം. അതിൽ നിന്ന് മാത്രം ശരീരത്തിന് ആവശ്യമായ ജീവകങ്ങളും ധാതുലവണങ്ങളും കിട്ടില്ല. കാർഷിക സമൂഹത്തിൽ വരൾച്ചയും ക്ഷാമവും ഭക്ഷ്യലഭ്യതയ്ക്ക് ഭീഷണി സൃഷ്ടിച്ചപ്പോൾ പൂർവ്വികരെ ആ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ല. സാംക്രമിക രോഗങ്ങളും കുറവായിരുന്നു. വസൂരി, മീസിൽസ്, ടി.ബി. തുടങ്ങിയവയ്ക്ക് കാരണമായ രോഗാണുക്കൾ വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുകയാണുണ്ടായത്. കാർഷിക വിപ്ളവത്തിന് ശേഷമാണതുണ്ടായത്. പൂർവ്വികർ കൂടെക്കൂട്ടിയ നായകൾ പ്രശ്നക്കാരായിരുന്നില്ല. ചെറിയ സംഘങ്ങളായി അലയുന്നവരെ അപേക്ഷിച്ച് കാർഷിക സമൂഹത്തിലും വ്യാവസായിക സമൂഹത്തിലും മനുഷ്യർ ഇടതിങ്ങിയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് ജീവിക്കുന്നത് എന്നതും പകർച്ചവ്യാധികൾക്ക് കാരണമായി.

സമീകൃതവും വെെവിധ്യമുള്ളതുമായ ഭക്ഷണം, താരതമ്യേന കുറഞ്ഞ ജോലിസമയം, സാംക്രമിക രോഗങ്ങളുടെ കുറവ് എന്നിവ പരിഗണിച്ചാണ് കാർഷിക സമൂഹങ്ങൾക്ക് മുമ്പു ജീവിച്ച പൂർവ്വികരെ പല വിദഗ്ദ്ധരും 'യഥാർത്ഥ സമ്പന്ന സമൂഹം' എന്നു വിളിച്ചത്.

പക്ഷെ, ഈ പൂർവ്വികരുടെ ജീവിതത്തെ മഹത്വവൽക്കരിക്കുന്നത് അബദ്ധമായിരിക്കും. കാർഷിക യുഗത്തിലെയും വ്യാവസായിക യുഗത്തിലെയും മനുഷ്യരെ അപേക്ഷിച്ച് ഈ പൂർവ്വികർ ഒരർത്ഥത്തിൽ മെച്ചപ്പെട്ട ജീവിതം നയിച്ചെങ്കിലും കഷ്ടപ്പാടുകളും പങ്കപ്പാടുകളും അനിശ്ചിതത്ത്വങ്ങളും ചേർന്നതായിരുന്നു അവരുടെ ജീവിതം. ശിശുമരണ നിരക്ക് ഉയർന്നതായിരുന്നു. ഇന്ന് നിസ്സാരമായി കരുതുന്നൊരു അപകടം പോലും അന്ന് മരണഹേതുവാകുമായിരുന്നു. അലയുന്ന സംഘാംഗങ്ങൾക്കിടയിലെ ബന്ധം ഊഷ്മളമായിരുന്നെങ്കിലും മറ്റു സംഘങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണികൾ പലപ്പോഴും മാരകമായിരുന്നു. സംഘത്തിന് ശുശ്രൂഷിക്കാനോ പരിപാലിക്കാനോ കഴിയാത്ത വികലാംഗരെയും പ്രായം ചെന്നവരെയും വഴിയിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്തു. വളർത്താൻ താത്പര്യമില്ലാത്ത കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. മതപ്രേരണകൾക്കു വിധേയരായി നരബലി പോലും ആചരിച്ചു.

അലഞ്ഞു നടന്ന പൂർവ്വികരുടെ ആത്മീയ സങ്കൽപം എന്തായിരുന്നു? കൂടുതൽ പണ്ഡിതരും പറയുന്നത് ജീവനുള്ളതും ഇല്ലാത്തതുമായ (ചരാചരങ്ങൾ) എല്ലാറ്റിനും ആത്മ ചെെതന്യമുണ്ടെന്ന വിശ്വാസക്കാരായിരുന്നു അവർ (അനിമിസം). എല്ലാ മൃഗങ്ങൾക്കും ചെടികൾക്കും മറ്റു വസ്തുക്കൾക്കും അവബോധവും വികാരങ്ങളുമുണ്ടെന്നും അവയ്ക്ക് മനുഷ്യരുമായി നേരിട്ടു സംവദിക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചു. ഒരു കുന്നിൻ മുകളിലെ വലിയ പാറയ്ക്കു പോലും അതിൻേറതായ ആവശ്യങ്ങളും അഭിലാഷങ്ങളുമുണ്ടെന്നും മനുഷ്യരുടെ ചില പ്രവൃത്തികളിൽ അവ ദേഷ്യപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുമെന്നും ചിലപ്പോൾ മനുഷ്യരെ ഗുണദോഷിക്കുക പോലും ചെയ്യുമെന്നും അവർ വിശ്വസിച്ചു. മനുഷ്യനും തിരിച്ച് സാന്ത്വനിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒക്കെയാവാം. കുന്നിൻ ചെരിവിലുള്ള ഓക്ക് മരത്തിനും എലികൾക്കും ചെന്നായകൾക്കുമടക്കം ആത്മ ചെെതന്യമുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. കൂടാതെ മരിച്ചവരുടെ ആത്മാക്കൾ, ഭൂത- പ്രേതങ്ങൾ, പിശാച്, മാലാഖമാർ എന്നിവയിലും അവർ വിശ്വസിച്ചു. അനിമിസം എന്നു വിളിക്കപ്പെടുന്നത് ഒരു പ്രത്യേക മതമല്ല, പകരം വ്യത്യസ്തങ്ങളായ ഒരുപാട് വിശ്വാസങ്ങളുടെ പൊതുവായ പേരാണത്‌. അവർ അനിമിസ്റ്റുകളായിരുന്നെന്നു പറയുന്നത് ആധുനികതയ്ക്കു മുമ്പ് കാർഷികവൃത്തിയിലേർപ്പട്ടിരുന്ന പൂർവ്വികർ ഈശ്വരവിശ്വാസികളായിരുന്നു എന്നു പറയുന്ന പോലൊരു പൊതു പ്രസ്താവനയാണ്. ഏറെ വിശദാംശങ്ങളൊന്നുമില്ല.

നോഹയുടെ കപ്പൽ

ആസ്ട്രേലിയയിലും അമേരിക്കയിലും നടന്ന കൂട്ടമായ വംശനാശങ്ങളോട് ആഫ്രിക്കയിലും ഏഷ്യയിലും ഹോമോസാപിയൻസ് എത്തിയപ്പോൾ നടന്ന താരതമ്യേന ചെറിയ (മറ്റു ഹ്യൂമൻ സ്പീഷീസുകളുടെ നാശം പോലെ) വംശ നശീകരണങ്ങളെയും ക്യൂബൻ ദ്വീപുകളിൽ നടന്ന വംശനശീകരണങ്ങളെയുമൊക്കെ ചേർത്തു വെച്ചാൽ അനിവാര്യമായും നമ്മളെത്തുന്ന നിഗമനമെന്തെന്നു വയ്ച്ചാൽ സാപിയൻസിൻറ (നമ്മുടെ) അധിനിവേശം ജീവലോകത്തു നടന്ന ഏറ്റവും വലിയതും പെട്ടെന്നു സംഭവിച്ചതുമായ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നിന് കാരണമായെന്നാണ്‌. ചക്രങ്ങളോ എഴുത്തുവിദ്യയോ ലോഹായുധങ്ങളോ കണ്ടു പിടിക്കുന്നതിനു മുമ്പേ ഭൂമിയിലെ അതികായരായ ജീവികളിൽ പകുതിയെണ്ണത്തിൻറ വംശനാശത്തിന് നമ്മൾ കാരണമായി. കാർഷിക വിപ്ളവത്തിനു ശേഷം ഈ പാരിസ്ത്ഥിതിക ദുരന്തം ചെറിയ രീതികളിൽ എണ്ണമറ്റ തവണ സംഭവിച്ചുവെന്നാണ് പല ദ്വീപുകളിലും നടന്ന പുരാവസ്തു പഠനങ്ങൾ തെളിയിക്കുന്നത്.1500 BC യിൽ സോളമൻ എെലൻറുകളിലും ഫിജിയിലുമൊക്കെ അധിനിവേശം നടത്തിയ മനുഷ്യർ നൂറു കണക്കിന് ജീവിവർഗ്ഗങ്ങളെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ കൊന്നൊടുക്കിയത്. ഇന്ത്യൻ മഹാമുദ്രത്തിലെയും അറ്റ്ലാൻറികിലെയും മെഡിറ്ററേനിയനിലെയും ആയിരക്കണക്കിനു ദ്വീപുകളിൽ സമാന സംഭവങ്ങളുണ്ടായി. നമ്മുടെ പൂർവ്വികർ പൂർണ്ണമായി പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവരാണെന്നു  'മരത്തെ കെട്ടിപ്പിടിച്ചു നടക്കുന്നവർ' വിലപിക്കുമ്പോൾ നമ്മളതിൽ വിശ്വസിച്ചു പോകരുത്. എത്ര ജീവിവർഗ്ഗങ്ങളെ നമ്മൾ നശിപ്പിച്ചു എന്നറിയുന്നത് ഒരു വേള അവശേഷിക്കുന്നവരെയെങ്കിലും സംരക്ഷിക്കുന്നതിന് നമുക്കു പ്രചോദനമാവാം. കരയിലെ ജീവിവർഗ്ഗങ്ങളെ അപേക്ഷിച്ച് കടൽ ജീവികളാണ് ഏറെക്കുറെ രക്ഷപ്പെട്ടത്. പക്ഷെ വ്യവസായ മലിനീകരണം കാരണം അവരുമിപ്പോൾ നാശത്തിൻറ വക്കിലാണ്. മനുഷ്യപ്രളയത്തിൽ ഭൂമിയിലെ വലിയ ജീവികളിൽ ഇനി അവശേഷിക്കുക മനുഷ്യനും കൃഷിയിടത്തിലെ മൃഗങ്ങളും മാത്രമായിരിക്കും; നോഹയുടെ കപ്പലിലേതെന്ന പോലെ.

സാപിയൻസ് - ഭാഗം 2

കാർഷിക വിപ്ളവം
(ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്)

ഇരുപത്തഞ്ചു ലക്ഷം വർഷങ്ങളോളം വേട്ടയാടിയും ഫലവൃക്ഷങ്ങളെ ആശ്രയിച്ചുമാണ് ഹോമോ ജനുസ്സിൽ പെട്ടവർ (ഹോമോ ഇറക്റ്റസ്, ഹോമോഎർഗാസ്റ്റർ, നിയാണ്ടർത്താൽ തുടങ്ങിയവർ) ജീവിച്ചു പോന്നത്. പിൽക്കാലത്ത് കിഴക്കനാഫ്രിക്കയിൽ ഹോമോസാപിയൻസ് രൂപപ്പെട്ടതിന് ശേഷവും പിന്നീടവർ മധ്യപൗരസ്ത്യ ദേശത്തേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും അവസാനം ആസ്ട്രേലിയൻ, അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കും കുടിയേറിയപ്പോഴും ആ ജീവിതരീതി തന്നെയാണ് എല്ലാവരും പിന്തുടർന്നത്.

ഏകദേശം പതിനായിരം വർഷങ്ങൾക്കു മുമ്പാണ് കാര്യങ്ങൾ മാറിമറിഞ്ഞത്‌. അന്നു മുതലാണ് മനുഷ്യൻ തൻറ സമരവും അധ്വാനവും പൂർണ്ണമായും ഏതാനും ചില മൃഗങ്ങളെയും സസ്യങ്ങളെയും നിയന്ത്രിക്കാനും പരിപാലിക്കാനുമായി നീക്കി വെയ്ക്കാൻ തുടങ്ങിയത്. പ്രഭാതം മുതൽ പ്രദോഷം വരെ കൃഷിയിടത്തിൽ വിതയ്ച്ചും, നനയ്ച്ചും, കള പറിച്ചും ആടുകളെ മേയ്ച്ചും അവർ പുതിയൊരു ജീവിതം തുടങ്ങി. അത് വരെയുള്ള മനുഷ്യൻറ ജീവിത രീതികളിൽ നിന്നുള്ള വിപ്ളവകരമായ പരിവർത്തനമായിരുന്നു അത് - അതാണ് കാർഷിക വിപ്ളവം. ബി.സി. 9500 നും 8500 നുമിടയിലുള്ള കാലമാണ് മനുഷ്യർറ കാർഷിക ഘട്ടത്തിലേക്കുള്ള സംക്രമണ കാലം. തെക്കു കിഴക്കൻ തുർക്കിയിലും പശ്ചിമ പേർഷ്യയിലും മെഡിറ്ററേനിയൻ ഭൂപ്രദേശങ്ങളിലുമാണ്‌ ആദ്യമായി കൃഷി തുടങ്ങുന്നത്.

BC 9000 ത്തിൽ തന്നെ ഗോതമ്പും ആടും മനുഷ്യൻറ വരുതിയിലായിരുന്നു (domesticated); ക്രമേണ മറ്റുള്ളവയും. ഇന്ന് മനുഷ്യർക്കു കിട്ടുന്ന കലോറിയിൽ 90 ശതമാനം പ്രദാനം ചെയ്യുന്ന ധാന്യങ്ങൾ (ഗോതമ്പ്, അരി, ചോളം തുടങ്ങിയവ) BC 3500ന് മുമ്പു തന്നെ മനുഷ്യർ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്കിടയിൽ ശ്രദ്ധേയമെന്നു പറയാവുന്ന രീതിയിൽ മനുഷ്യൻ ഏതെങ്കിലും മൃഗങ്ങളെയോ സസ്യങ്ങളെയോ കൂടെ കൂട്ടിയിട്ടില്ല. കൃഷി മധ്യപൗരസ്ത്യ ദേശത്ത് തുടങ്ങി ലോകത്തിൻറ മറ്റു ഭിഗങ്ങളിലേക്കു വ്യാപിക്കുകയാണുണ്ടായതെന്ന പഴയ ധാരണ ഇപ്പോൾ തിരുത്തപ്പെട്ടിട്ടുണ്ട്. അവിടെ ഗോതമ്പു വിളയിപ്പിച്ച അതേ സമയത്തു തന്നെ അതൊന്നുമറിയാതെ മധ്യ അമേരിക്കയിൽ അധിവസിച്ചവർ ചോളം വിളയിച്ചിരുന്നു. AD ഒന്നാം നൂറ്റാണ്ടോടു കൂടി ലോകത്ത് വസിക്കുന്ന മഹാ ഭൂരിപക്ഷവും കാർഷികവൃത്തിയിലേർപ്പെടാൻ തുടങ്ങി.

മനുഷ്യനു ചുറ്റുമുള്ള ആയിരക്കണക്കിനു സ്പീഷീസുകളിൽ കാർഷികവൃത്തിക്കോ കാലിസമ്പത്തായോ ഉപയോഗിക്കാവുന്ന വളരെക്കുറച്ച് സസ്യങ്ങളും മൃഗങ്ങളുമേ ഉണ്ടായിരുന്നുള്ളൂ.അത് കൊണ്ടു തന്നെ ആ വിഭാഗങ്ങളുള്ള ഇടങ്ങളിലാണ് കാർഷിക വിപ്ളവം സംഭവിച്ചത്.

മനുഷ്യരാശിയുടെ കുതിച്ചു ചാട്ടം എന്നൊക്കെയായിരുന്നു ഒരു കാലത്ത് പണ്ഡിതർ കാർഷിക വിപ്ളവത്തെ വിശേഷിപ്പിച്ചത്‌. മസ്തിഷ്കശേഷി കൊണ്ട് മനുഷ്യൻ വലിയ പുരോഗതി കെെവരിച്ചതിൻറയും, പ്രകൃതി രഹസ്യങ്ങളെ ചികഞ്ഞെടുത്തതിൻറയും അലഞ്ഞു നടന്നവൻ സംതൃപ്തിയോടെ സ്ഥിരതാമസക്കാരനായതിൻറയും ആകർഷകമായ കഥകൾ കേട്ടു നമ്മൾ. പക്ഷെ, എല്ലാം അതിശയോക്തി കലർന്ന വെറും പറച്ചിലുകളായിരുന്നു. പ്രകൃതി രഹസ്യങ്ങൾ കണ്ടെത്തുന്നതിൽ പൂർവ്വികർ അത്ര മോശക്കാരൊന്നുമായിരുന്നില്ല. പിന്നെ, സംതൃപ്തിയുടെ കഥ! കാർഷിക വൃത്തിയിലേർപ്പെടാൻ തുടങ്ങിയതോടെ അവൻറ പ്രയാസങ്ങളും പങ്കപ്പാടുകളും ആകുലതകളും വർദ്ധിക്കുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്!  പട്ടിണിയെയും രോഗാണുക്കളെയും പേടിക്കാതെയും വ്യത്യസ്തങ്ങളായ പ്രവൃത്തികളിലേർപ്പെട്ടും വെെവിധ്യമുള്ള ഭക്ഷണങ്ങൾ ആഹരിച്ചുമായിരുന്നു പൂർവ്വികരുടെ ജീവിതം. കാർഷിക വിപ്ളവം സംഭവിച്ചപ്പോൾ ഭക്ഷ്യവസ്തുക്കളുടെ അളവും ലഭ്യതയും കൂടി എന്നത് ശരി തന്നെ. അത് കൊണ്ട് മനുഷ്യരുടെ ജനസംഖ്യ കൂടി എന്നല്ലാതെ കാതലായ വേറെന്തു ഫലമാണുണ്ടായത്! അതു കൊണ്ടാണു പറയുന്നത് കാർഷിക വിപ്ളവം ശുദ്ധ തട്ടിപ്പായിരുന്നു!!

ആഢംബരക്കെണി
(സമൃദ്ധിയുടെ പ്രലോഭനം.)

നാടോടി ജീവിത കാലത്ത് ജനസംഖ്യയുടെ വളർച്ച വളരെ പതുക്കെയായിരുന്നു. നാടോടി ജീവിതത്തിൽ ചെറിയ കുഞ്ഞുങ്ങൾ ഒരു ഭാരം തന്നെയായിരുന്നു. പ്രകൃത്യായുള്ള ജനന നിയന്ത്രണമായിരുന്നു ഉണ്ടായിരുന്നത്‌. രണ്ടു കുട്ടികളുടെ ഇടയിൽ മൂന്നോ നാലോ വർഷത്തെ ഇടവേള വരാൻ അവർ ശ്രദ്ധിച്ചു. ദീർഘകാലം കുഞ്ഞുങ്ങൾക്കു മുല കൊടുത്തോ ലെെംഗികത വർജ്ജിച്ചോ അപൂർവ്വമായി ശിശുഹതയിലൂടെയുമാണ് ഇത് സാധിച്ചത്.സ്ഥിര താമസക്കാരാവുകയും ഭക്ഷ്യ ലഭ്യത കൂടുകയും ചെയ്തപ്പോൾ സ്വാഭാവികമായും ജനസംഖ്യ കൂടാൻ തുടങ്ങി.അലച്ചിൽ നിർത്തിയതോടെ സ്ത്രീകൾക്ക് വർഷം തോറും കുട്ടികളാവാമെന്നായി. നേരത്തെ മുലകുടി നിർത്തി കുഞ്ഞുങ്ങൾക്ക് പാൽക്കഞ്ഞിയും മറ്റും കൊടുക്കുക പതിവായി. രോഗം പകരുന്ന സാഹചര്യത്തിലുള്ള ജീവിതവും നേരത്തെയുള്ള മുലകുടി നിർത്തലുമൊക്കെ കാരണം ശിശുമരണനിരക്ക് കൂടി.കാർഷിക കുടുംബങ്ങളിൽ ഓരോ മൂന്നു കുട്ടികളിലും ഒരാളെങ്കിലും ഇരുപത് തികയുന്നതിനു മുമ്പു മരിച്ചു. എന്നാലും വളർച്ചാനിരക്ക് മരണനിരക്കിനെ കവച്ചു  വെച്ചു. അംഗസംഖ്യ കൂടുന്നതിനനുസരിച്ച് കൂടുതൽ ഭക്ഷണം ആശ്യമായി, കൂടുതൽ കൃഷിയും അധ്വാനവും ആവശ്യമായി.ചുരുക്കത്തിൽ പൂർവ്വികൻറതിനെക്കാളും ക്ളേശകരമായ ജീവിതമായി. തിരിച്ചടി മനസ്സിലാക്കിയപ്പോൾ അവർക്ക് കാർഷിക ജീവിതം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് തിരിച്ചു പോയ്ക്കൂടായിരുന്നോ എന്നു ചോദിക്കാം. പല കാരണങ്ങളാലും ഒരു തിരിച്ചു പോക്ക് അസാധ്യമായിരുന്നു.കുടുങ്ങി, കെണിയിൽ, തിരിച്ചു നടക്കാനാവാതെ!

നല്ല ജീവിതത്തിനു വേണ്ടിയുള്ള ഉദ്യമം കൂടുതൽ പ്രയാസങ്ങൾ സമ്മാനിച്ചു. അത് അന്നവിടെ അവസാനിച്ചില്ല, ഇന്നത്തെ മനുഷ്യൻറ അവസ്ഥയും തഥെെവ.

ഒരിക്കൽ ആഢംബരമായത് വെെകാതെ അത്യാവശ്യമായി മാറുകയും പുതിയ കടപ്പാടായി പരിണമിക്കുകയും ചെയ്യുക എന്നത് ചരിത്രത്തിൻറ അലംഘനീയമായൊരു നിയമമാണ്. ആഢംബരമായൊരു കാര്യത്തെ സ്വീകരിച്ചാൽ പിന്നെ അതില്ലാതെ ജീവിക്കാൻ വയ്യ എന്നവസ്ഥ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമയം ലാഭിക്കാൻ വേണ്ടി എന്തൊക്കെ ഉപകരണങ്ങളാണ് (time-saving devices) നാം കണ്ടു പിടിച്ചത്. വാഷിങ് മെഷീൻ, വാക്വം ക്ളീനർ, മൊബെെൽ, ഇമെയിൽ-എന്നിട്ടെന്തായി? നാം കൂടുതൽ വിശ്രാന്തിയുള്ളൊരു ജീവിതം നയിക്കുന്നുണ്ടോ?

(കാർഷിക) വിപ്ളവത്തിൻറ ഇരകൾ

വേട്ടയാടി നടക്കുന്ന കാലത്ത് മനുഷ്യന് ചില തെരഞ്ഞെടുപ്പുകളുണ്ടായിരുന്നു. പക്വമായ മുട്ടനാടിനെയും പ്രായം ചെന്നതോ രോഗിയോ ആയ ചെമ്മരിയാടിനെയുമാണവർ വേട്ടയാടിപ്പിടിച്ചത്. മൃഗക്കൂട്ടങ്ങളുടെ നിലനില്പിനെ കരുതിയാവണം ഉൽപാദന ശേഷിയുള്ള പെണ്ണാടുകളെയും ആട്ടിൻകുട്ടികളെയും അവർ വെറുതെ വിട്ടു. രണ്ടാം ഘട്ടത്തിൽ മറ്റു വേട്ടമൃഗങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചു. അടുത്ത ഘട്ടത്തിൽ തങ്ങൾക്കു നിയന്ത്രിക്കാവുന്ന വിധം ഏതെങ്കിലും ഇടുങ്ങിയ മലയിടുക്കിൽ അവയെ സംരക്ഷിച്ചു നിർത്തി.

ക്രമേണ തങ്ങളുടെ ആവശ്യങ്ങൾക്ക് അനുഗുണമാവുന്ന വിധത്തിൽ മനുഷ്യൻ ചില വേർതിരിവുകൾ നടത്തി. ഇണക്കം കാണിക്കാത്ത മുട്ടനാടുകളെയും മെലിഞ്ഞതും അനുസരണക്കേടു കാണിക്കുന്നവരുമായ പെണ്ണാടുകളെയും ആദ്യം കശാപ്പ് ചെയ്തു. ഒാരോ തലമുറയിലെയും ആടുകൾ മനുഷ്യൻറ ഇംഗിതങ്ങൾക്കനുയോജ്യമായി ജെെവികമായിത്തന്നെ പരിവർത്തിക്കപ്പെട്ടു. മെരുക്കിയെടുത്ത പക്ഷി-മൃഗാദികളെ പാലിനും ഇറച്ചിക്കും മുട്ടക്കും യാത്രയ്ക്കും നിലമുഴുതുന്നതിനുമൊക്കെ ഉപയോഗപ്പെടുത്താൻ തുടങ്ങി. കൂടുതൽ കാർഷിക സമൂഹങ്ങളും കാലിസമ്പത്തിലേറെ കൃഷിയിലാണ് ശ്രദ്ധ പുലർത്തിയത്. പക്ഷേ, ക്രമേണ, മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിന് പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗം പല സ്ഥലങ്ങളിലും ഉരുത്തിരിഞ്ഞു വന്നു. മനുഷ്യൻ ഭൂമിയിൽ പെരുകാൻ തുടങ്ങിയപ്പോൾ വളർത്തു മൃഗങ്ങളും അതു പോലെ മില്ല്യനും ബില്ല്യനുമായി പെരുകി. പരിണാമത്തിൻറ കുറച്ചു ഇടുങ്ങിയ പരിപ്രേക്ഷ്യത്തിൽ പറഞ്ഞാൽ അവരുടെ DNA കോപ്പികൾ ക്രമാതീതമായി വർദ്ധിച്ചതിനാൽ അവരുടെ അതിജീവന സാധ്യത ഉയർത്തുന്ന തലത്തിൽ കാർഷിക വിപ്ളവം അവർക്കൊരു വരമായിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ പരിണാമ തലത്തിലുള്ള ആ കാഴ്ചയിലെ ഗുണഫലം അപ്രസക്തമാണ്. കാരണം ഭൂമിയിൽ ഇതുവരെ ജീവിച്ചവരിൽ ഏറ്റവും പരിതാപകരമായ ജീവിതം അവരുടേതാണ്‌. ഓരോ നൂറ്റാണ്ടു പിന്നിട്ടപ്പോഴും അവർ അനുഭവിക്കുന്ന ദയാരഹിതമായ ക്രൂരതകളും യാതനകളും വർദ്ധിച്ചു വരികയാണു ചെയ്തത്. സാധാരണ ഒരു കോഴിയുടെ ആയുസ്സ് 7 മുതൽ ഒമ്പത് വർഷം വരെയാണെങ്കിൽ കച്ചവട താൽപര്യത്തിൽ മനുഷ്യൻ വളർത്തുന്നവയുടേത് ഏതാനും ആഴ്ചകളോ മാസങ്ങളോ ആണ്.

വളർത്തു മൃഗങ്ങളെ അവയുടേതായ എല്ലാ തരം സാമൂഹ്യ ബന്ധങ്ങളിൽ നിന്നും വിച്ഛേദിച്ചും ലെെംഗികതയെ നിയന്ത്രിച്ചും സ്വതന്ത്രമായ ചലനത്തെപ്പോലും നിയന്ത്രിച്ചും വരിയുടയ്ച്ചും മനുഷ്യനവയോട് കടുത്ത ക്രൂരത കാട്ടി. ക്ഷീര വ്യവസായത്തിനും അതിൻറതായ ക്രൂരതകളുണ്ട്. പാലെടുത്തുപയോഗിക്കുന്നതിനു വേണ്ടി ചെറുപ്രായത്തിലുള്ള അവയുടെ കുഞ്ഞുങ്ങൾക്ക് തള്ളയുടെ പാൽ നിഷേധിക്കുന്നു. കുഞ്ഞുങ്ങളെ കശാപ്പ് ചെയ്യുന്നതും ചരിത്രത്തിലുട നീളം കാണാം. കുഞ്ഞുങ്ങളെക്കൊണ്ട് മുല കുടിപ്പിക്കുകയും പാലൊഴുകുമ്പോൾ അവയെ അകറ്റുകയും ചെയ്യുക എന്നതായിരുന്നു ഏറ്റവും ലളിതമായ രീതി. ഇതിൻറ ക്രൂരമായ പല രീതികളും കാലങ്ങളായി പലയിടത്തും നില നിന്നു. നായകളെയോ കുതിരകളെയോ പോലെ ചുരുക്കം വളർത്തുമൃഗങ്ങളെ മാറ്റി നിർത്തിയാൽ കാർഷിക വിപ്ളവം വരുതിയിലാക്കപ്പെട്ട (domesticated) മൃഗങ്ങൾക്ക് വലിയ ദുരന്തമാണു സമ്മാനിച്ചത്.

പിരമിഡുകൾ ഉണ്ടാക്കുന്നു

ചരിത്രത്തിലെ ഏറ്റവും വിവാദമുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് കാർഷിക വിപ്ളവം. അത് മനുഷ്യനെ സമൃദ്ധിയുടെയും പുരോഗതിയുടെയും പാതയിലെത്തിച്ചു എന്ന് ചില പക്ഷപാതികൾ പറഞ്ഞപ്പോൾ, സർവ്വ നാശത്തിലേക്കാണ് കാർഷിക വിപ്ളവം മനുഷ്യനെ കൊണ്ടെത്തിച്ചതെന്ന് മറുഭാഗം വാദിച്ചു. കാർഷിക വിപ്ളവത്തോടു കൂടിയാണ്  അതുവരെ പ്രകൃതിയെ പുണർന്നു നിന്ന മനുഷ്യൻ ആ ബന്ധം വിച്ഛേദിച്ച് ആർത്തിയുടെയും അന്യവൽക്കരണത്തിൻറയും മൽസരയോട്ടം തുടങ്ങിയതെന്നും അവർ പരിതപിച്ചു. ഏത് ദിശയിലേക്കായിരുന്നു യാത്രയെങ്കിലും ഒരു മടക്കം അസാധ്യമായിരുന്നു. നായാട്ടു ജീവിതത്തിലേക്കു തിരിച്ചു പോയാൽ ഒരിക്കലും നിലനിൽക്കാനാവില്ല എന്ന അവസ്ഥ സംജാതമാകും വിധം അപ്പോഴേക്കും മൗലികമായും വേഗത്തിലും മനുഷ്യരുടെ എണ്ണം പെരുകിയിരുന്നു. കാർഷിക വിപ്ളവം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് അഥവാ ബി.സി. 10000 യിരത്തിൽ ലോകത്ത് അമ്പത് മുതൽ എൺപത് ലക്ഷം വരെയുണ്ടായിരുന്ന നാടോടികളുടെ എണ്ണം ക്രമേണ ആസ്ട്രേലിയയിലും അമേരിക്കയിലും ആഫ്രിക്കയിലുമായി പത്ത് മുതൽ ഇരുപത് ലക്ഷം വരെയായി എണ്ണത്തിൽ ചുരുങ്ങി. കാർഷിക വൃത്തിയിലേർപ്പെട്ട മനുഷ്യരുടെ എണ്ണം അപ്പോഴേക്കും 250 മില്യൺ ആയി ഉയർന്നിട്ടുണ്ടെന്നോർക്കണം നമ്മൾ.

ഇടയൻമാരായ ഒരു ചെറു ന്യൂനപക്ഷമൊഴിച്ച് മഹാഭൂരിപക്ഷവും എവിടെയെങ്കിലുമൊക്കെ സ്ഥിരവാസം തുടങ്ങി. ഓരോ ഭാഗത്ത് വാസമുറപ്പിക്കാർ തുടങ്ങിയതോടെ അവിടത്തെ പുൽമേടുകളുടെ വിസ്തൃതി നാടകീയമാം വിധം ചുരുങ്ങാനും തുടങ്ങി. വീടെന്നാൽ പൂർവ്വികർക്ക് നൂറുകണക്കിന് സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള കുന്നുകളും മരങ്ങളും അരുവികളും തുറന്ന നീലാകാശവുമുൾപ്പെടുന്ന വലിയൊരു ഭൂപ്രദേശം തന്നെയായിരുന്നു. അതേ സമയം കർഷകൻ പകൽ മുഴുവൻ ഒരു ചെറിയ വയലിലോ ഫലോദ്യാനത്തിലോ മാത്രം  ദിനവൃത്തിയിലേർപ്പെട്ടു. അവൻറ ഗാർഹിക ജീവിതമോ -  കല്ലോ, മണ്ണോ, മരമോ കൊണ്ടുള്ള ചെറിയൊരു കൂടാരത്തിൽ തളയ്ക്കപ്പെട്ടു.

ഒരു സാധാരണ കർഷകനിൽ അവൻറ കൂടാരത്തോട് (വീട്) ഒഴിച്ചു കൂടാനാവാത്തൊരു ഹൃദയ ബന്ധം രൂപപ്പെട്ടു. വാസ്തുശിൽപപരമെന്നതിനൊപ്പം തന്നെ മനഃശാസ്ത്രപരം കൂടിയായ ഫലങ്ങളുളവാക്കുന്ന വലിയൊരു വിപ്ളവമായിരുന്നു അത്.  അന്നു മുതൽ മനുഷ്യൻ അയൽപക്കങ്ങളിൽ നിന്നുമകന്ന് 'എൻറ വീട്' എന്നത് പരസ്യമുദ്രയായി സ്വീകരിച്ച സ്വയം കേന്ദ്രിത (self-centred) ജീവിയായി.

പൂർവ്വികൻ, തീ ഉപയോഗിച്ചിരുന്നെങ്കിലും, തൻറ ആവാസ വ്യവസ്ഥയിൽ വലിയ ക്ഷതങ്ങളൊന്നുമേൽപ്പിക്കാതെയാണ് ജീവിച്ചത്. അതേസമയം നമ്മുടെ പുതിയ കർഷകൻ ചുറ്റുമുള്ളവയെയെല്ലാം അകറ്റി നിർത്തി കൃത്രിമമായുണ്ടാക്കിയൊരു 'മനുഷ്യദ്വീപി'ലാണ് വസിച്ചത്. വൃക്ഷങ്ങൾ വെട്ടിത്തെളിച്ചും കനാലുകളുണ്ടാക്കിയും വീടുകളുണ്ടാക്കിയും ഫലവൃക്ഷങ്ങൾ മാത്രം നിരയായി നട്ടും അവനു മാത്രം വാസയോഗ്യമായൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ ദത്തശ്രദ്ധനായി. വന്യമൃഗങ്ങളടക്കം തങ്ങൾക്കു ശല്ല്യമായേക്കാവുന്ന എല്ലാറ്റിനെയും പ്രതിരോധം സൃഷ്ടിച്ച് അകറ്റി നിർത്തി. ഇന്നത്തെ കർഷകനും തൻറ വാസസ്ഥലങ്ങളിലേക്കു അതിക്രമിച്ചും വഴി തെറ്റിയും വരുന്ന വണ്ടുകളോടും ഉറുമ്പുകളോടും എട്ടുകാലികളോടും നിരന്തര യുദ്ധത്തിലാണ്‌!ഭൂമിയുടെ ഉപരിതലം 510 മില്ല്യൺ സ്ക്വയർ കിലോമീറ്ററാണ്. അതിൽ 155 മില്ല്യനാണ് കര. AD 1400 ലെ നിലയനുസരിച്ച് മഹാഭൂരിപക്ഷം വരുന്ന കർഷകരും അവരുടെ മൃഗങ്ങളുമടക്കം അധിവസിക്കുന്നത് വെറും 11 മില്ല്യൺ സ്ക്വയർ കിലോമീറ്ററിലാണ്. മറ്റുള്ള ഭാഗങ്ങളൊന്നും, അമിതമായ ചൂടോ, തണുപ്പോ, വരൾച്ചയോ കാരണം കൃഷിയോഗ്യമായിരുന്നില്ല.

മനുഷ്യർക്കു പല കാരണങ്ങളാലും തങ്ങളുടെ വീടും വയലുമുപേക്ഷിച്ചു പോകാനാവുമായിരുന്നില്ല. കാലക്രമത്തിൽ അവരുടെ കൂടെയുണ്ടായ സ്ഥാവര ജംഗമ വസ്തുക്കളും അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തി.

കാർഷിക വിപ്ളവം മുമ്പൊന്നുമില്ലാത്ത വിധം ഭാവിക്ക് അമിതമായ ഊന്നൽ നൽകി. കർഷകർ ഭാവനയിൽ, വരാനുള്ള വർഷങ്ങളിലേക്കും ദശാബ്ദങ്ങളിലേക്കും യാത്രചെയ്യാൻ തുടങ്ങി. ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ് കാർഷിക സമ്പദ് വ്യവസ്ഥയിലെ ഉൽപാദനം. മാസങ്ങളോളം ദീർഘിച്ച പരിപാലനത്തിന് ശേഷം ഒരു ചെറിയ സമയത്തെ കൊയ്ത്തുൽസവം. അത് മാത്രമല്ല, കാർഷിക വൃത്തിയെ ചൂഴ്ന്നു നിൽക്കുന്ന നിതാന്തമായ അനിശ്ചിതത്വമാണ് അവരെ ആകുലചിത്തരാക്കിയത്. അപ്രതീക്ഷിതമായൊരു വരൾച്ചയോ, വെള്ളപ്പൊക്കമോ, പകർച്ച വ്യാധിയോ കാര്യ ങ്ങൾ അന്ശ്ചിതത്വത്തിലാക്കാം.കരുതൽ ശേഖരത്തിനു വേണ്ടി, കർഷകർ, ഉപയോഗിക്കുന്നതിലേറെ ഉൽപാദിപ്പിക്കാൻ നിർബന്ധിതരായി.ചീത്ത സമയം ഏത് നേരവും വരാം. അങ്ങനെ, കാർഷിക വിപ്ളവത്തിൻറ തുടക്കം മുതൽ തന്നെ ഉൽക്കണ്ഠ മനുഷ്യമനസ്സിലെ തിയേറ്ററിലെ സ്ഥിരം കളിക്കാരായി മാറി എന്നതായിരുന്നു പരിണിതഫലം! കാർഷിക വൃത്തിയുണ്ടാക്കിയ സമ്മർദ്ദങ്ങൾ പലവിധമായിരുന്നു. അത് വലിയ തോതിലുള്ള സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങളുടെ അടിത്തറ രൂപപ്പെട്ടു തുടങ്ങിയ കാലം കൂടിയായിരുന്നു. ഖേദകരമെന്നു പറയട്ടെ,  സ്ഥിരോൽസാഹിയായ കർഷകൻ വർത്തമാനകാലത്തെ കഠിനാധ്വാനത്തിലൂടെ ലക്ഷ്യം വെച്ച ഭാവി സാമ്പത്തിക സുരക്ഷ ഒരിക്കലുമവർക്ക് നേടാനായില്ല. അധികാരികളും ഉന്നതരായ ചിലരും ചേർന്ന് അവൻറ അധ്വാനത്തിൻറ മിച്ചമൂല്യം അനുഭവിക്കാൻ തുടങ്ങി.

ആ മിച്ചമൂല്യത്തിൽ നിന്നു ഊർജ്ജം വലിച്ചെടുത്താണ് രാഷ്ട്രീയവും യുദ്ധവും കലയും ദർശനവും വളർന്നത്‌. അടുത്ത കാലം വരെയും തൊണ്ണൂറു ശതമാനം മനുഷ്യരും നെറ്റിയിലെ വിയർപ്പുമായി നിലമുഴുതാൻ വേണ്ടി രാവിലെത്തന്നെ ഉണർന്നെണീക്കുന്ന കർഷകരായിരുന്നു. അവർ മിച്ചം വെച്ചതനുഭവിച്ചത് രാജാക്കൻമാരും, സർക്കാർ ഉദ്യോഗസ്ഥരും, പട്ടാളക്കാരും, പുരോഹിതരും, കലാകാരർമാരും, ചിന്തകരുമാണ് - അവരാണല്ലോ ചരിത്ര പുസ്തകങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും!

ഒരു സാങ്കൽപിക ക്രമം

ഉൽപാദനത്തിലെ മിച്ചവും സഞ്ചാര മാർഗ്ഗങ്ങളിൽ വന്ന പുരോഗതിയും ആളുകളെ കൂട്ടമായി വലിയ ഗ്രാമങ്ങളിലേക്കും, പിന്നെ നഗരങ്ങളിലേക്കും അവസാനം നഗരങ്ങളിലെക്കും ചേക്കേറാൻ പ്രാപ്തരാക്കി. പിന്നീട് പുതിയ രാജ്യങ്ങളാലും സാമ്പത്തിക കണ്ണികളുമായും അവർ കൂട്ടിച്ചേർക്കപ്പെട്ടു. പക്ഷെ പുതിയ നേട്ടങ്ങളുടെ ഫലമനുഭവിക്കാൻ ഇത് അപര്യാപ്തമായിരുന്നു. കലഹങ്ങൾ എങ്ങനെ തീർപ്പാക്കണമെന്നതിനെക്കുറിച്ചും വരൾച്ചയുടെയും യുദ്ധത്തിൻറയും സമയത്ത് എങ്ങനെ വർത്തിക്കണമെന്നുമൊക്കെയുള്ള ചില പെരുമാറ്റച്ചട്ടങ്ങൾ ആവശ്യമായിരുന്നു. ചരിത്രത്തിലെ വലിയ വിപ്ളവങ്ങളും യുദ്ധങ്ങളുമൊന്നും ഭക്ഷ്യലഭ്യതയുടെ കുറവു കൊണ്ടുണ്ടായതല്ലെന്നോർക്കണം. ഫ്രഞ്ച് വിപ്ളവത്തിൻറ മുന്നണിപ്പോരാളികൾ കർഷകരായിരുന്നില്ല; സമ്പന്നരായ വക്കീലൻമാരായിരുന്നു. അവിടത്തെ ആളുകൾക്ക് ആവശ്യമായതിലുമധികം ഭക്ഷ്യവിഭവങ്ങളുണ്ടായിട്ടും 1991 ൽ യൂഗോസ്ളാവിയ രക്തരൂക്ഷിതമായ കലഹങ്ങളിൽ ചിതറിപ്പോയി. ഇത്തരം അത്യാഹിതങ്ങളുടെ വേരു തേടിപ്പോകുമ്പോൾ മനസ്സിലാവുന്നത് ലക്ഷണക്കിന് വർഷങ്ങളിലൂടെയുള്ള പരിണാമ യാത്രയിൽ ചെറിയ കൂട്ടങ്ങളായാണ് മനുഷ്യൻ പുലർന്നിരുന്നതെന്നും, ദ്രുതഗതിയിലുള്ള വളർച്ചയിൽ, വലിയ മനുഷ്യ സഞ്ചയങ്ങൾക്ക് പരസ്പരം സഹകരിക്കാവുന്ന ജെെവികമായ സഹജവാസനയിലേയ്ക്ക് മനുഷ്യൻ പരിണാമപരമായി പരിവർത്തിക്കപ്പെട്ടിട്ടില്ല എന്നുമാണ്.

നഗര സമൂഹങ്ങളായി രൂപപ്പെട്ടതോടെ ചില മിത്തുകളുടെ സഹായത്തോടെ മനുഷ്യൻ വലിയ കൂട്ടായ്മകളെ ഒരുമിപ്പിച്ചു നിർത്താൻ തുടങ്ങി. സാമൂഹ്യ ബന്ധങ്ങളെ കണ്ണി ചേർക്കാൻ വേണ്ടി അവൻ സർവ്വശക്തരായ ദെെവങ്ങളെക്കുറിച്ചും മാതൃരാജ്യത്തെക്കുറിച്ചും ജോയൻറ് സ്റ്റോക്ക് കമ്പനികളെക്കുറിച്ചുമൊക്കെ കഥകൾ മെനയാൻ തുടങ്ങി. ജെെവിക പരിണാമം ഇഴഞ്ഞു നീങ്ങുമ്പോൾ മനുഷ്യ ഭാവനകൾ, ഭൂമിയിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം വലിയ മനുഷ്യ സഞ്ചയങ്ങൾക്കിടയിൽ സഹകരണത്തിൻറ ശൃംഖലകൾ തീർത്തു.

എങ്ങനെയാണ് മിത്തുകൾ സാമ്രാജ്യങ്ങളെ നിലനിർത്തുന്നത്? ചരിത്രത്തിലെ അറിയപ്പെട്ട രണ്ടു മിത്തുകളാണ് BC 1776 ൽ പുരാതന ബാബിലോണിൽ ലക്ഷക്കണക്കിനു വരുന്ന പ്രജകൾക്കിടയിലെ സഹകരണം ഉറപ്പാക്കിയ ഭരണാധികാരി ഹമ്മുറാബിയുടെ നിയമങ്ങളും, ഇന്നും കോടിക്കണക്കിനു വരുന്ന അമേരിക്കക്കാരുടെയിടയിൽ സഹകരണം ഉറപ്പു വരുത്തുന്ന അവരുടെ AD 1775 - ലെ സ്വാതന്ത്ര്യ പ്രഖ്യാപനവും. ഇന്നത്തെ സിറിയയുടെയും ഇറാൻറയും ചില ഭാഗങ്ങളും ഇറാഖിൻറ ഏതാണ്ടെല്ലാ ഭാഗങ്ങളുമുൾപ്പെടുന്ന മെസപ്പോട്ടേമിയൻ പ്രദേശത്തെ ബാബിലോണിയൻ സാമ്രാജ്യത്തിൻറ ഭരണാധികാരിയായ ഹമ്മുറാബി തയ്യാറാക്കിയ നിയമസംഹിതയായിരുന്നു കോഡ് ഓഫ് ഹമ്മുറാബി. രാജ്യത്ത് നീതി നിലനിർത്താനും പെെശാചികവൃത്തികളെ തടയാനും മർദ്ദകരിൽ നിന്നും മർദ്ദിതരെ സംരക്ഷിക്കാനും എനു, എനിൽ, മർദക് എന്നീ ദേവൻമാർ ഹമ്മുറാബിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് ആ നിയമ സംഹിത തുടങ്ങുന്നത് തന്നെ. അത് പ്രകാരം പ്രജകളെ ഉന്നതർ, സാധാരണക്കാർ, അടിമകൾ എന്നിങ്ങനെ വേർതിരിച്ചു. ആ നിയമസംഹിതയുടെ ബലത്തിൽ തങ്ങൾക്കാവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാനും ശത്രുക്കളെ പ്രതിരോധിക്കുവാനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സാധിച്ചു.

പൗരൻമാർക്കിടയിൽ തുല്ല്യ നീതി വിളംബരപ്പെടുത്തുന്നതായിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. എല്ലാ മനുഷ്യരും തുല്ല്യരാണെന്നും എല്ലാവർക്കും ജീവിക്കുവാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനു വേണ്ടി ഉദ്യമിക്കാനുമുള്ള ദെെവദത്തവും നിഷേധിക്കാനാവാത്തതുമായ അവകാശങ്ങളുണ്ടെന്നും അതനുശാസിച്ചു. അമേരിക്കൻ പ്രഖ്യാപനത്തിൽ എല്ലാവരും തുല്ല്യരായിരുന്നു. ഹമ്മുറാബിയുടെ സംഹിതയിൽ അങ്ങനെയല്ല.

ആളുകളെ ഉന്നതർ, സാധാരണക്കാർ എന്നിങ്ങനെ വേർതിരിക്കുന്നത് ഒരു തരം ഭാവനയാണ്. എന്നാലോ എല്ലാവരും തുല്ല്യരാണെന്നു പറയുന്നതും ഒരു  മിത്താണ്. ഏതർത്ഥത്തിലാണ് ഒരാൾ മറ്റൊരാളോട് തുല്ല്യനാകുന്നത്? നമ്മുടെ സങ്കൽപത്തിനപ്പുറം ആ തുല്ല്യത വസ്തുനിഷ്ഠമായൊരു യാഥാർത്ഥ്യമാണോ? എല്ലാ മനുഷ്യരും ജീവശാസ്ത്രപരമായി തുല്ല്യരാണോ?

ബ്രിട്ടൻറ അധീനതയിലായിരുന്ന  വടക്കെ അമേരിക്കയിലെ പതിമൂന്ന് ബ്രിട്ടീഷ് കോളനികളിലെ ജനങ്ങൾ സ്വയം നിർണയാവകാശത്തിനു വേണ്ടി നടത്തിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഒന്നു പരിശോധിക്കാം. അതിങ്ങനെയാണ്ഃ

എല്ലാവരും തുല്ല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അന്യാധീനപ്പെടുത്താനാവാത്ത (ആർക്കും നിഷേധിക്കാനാവാത്ത) ചില അവകാശങ്ങൾ ദെെവം അവർക്ക് നൽകിയിരിക്കുന്നു. ജീവിക്കാനും, സ്വാതന്ത്ര്യത്തിനും സന്തോഷമനുഭവിക്കാനുമുള്ള അവകാശങ്ങളാണവ.

ഒന്നാമതായി ജീവശാസ്ത്രപ്രകാരം മനുഷ്യരെ ആരും സൃഷ്ടിച്ചതല്ല. അവർ പരിണമിച്ചുണ്ടായതാണ്‌. അവർ തുല്ല്യമാകുന്നതിന് വേണ്ടി പരിണമിച്ചതുമല്ല. തുല്ല്യത എന്ന ആശയം സൃഷ്ടിപ്പ് എന്ന ആശയവുമായി കെട്ടു പിണഞ്ഞിട്ടുണ്ട്. അമേരിക്കക്കാരന് തുല്ല്യത എന്ന ആശയം ക്രിസ്തുമതത്തിൽ നിന്നും കിട്ടിയതാണ്‌. എല്ലാ മനുഷ്യരിലും ദിവ്യമായി സൃഷ്ടിക്കപ്പെട്ടൊരു ആത്മാവുണ്ടെന്നും എല്ലാ ആത്മാവുകളും ദെെവത്തിനു മുമ്പിൽ തുല്ല്യരാണെന്നുമാണ് അതിൻറ വിശ്വാസം. നാം ദെെവം, സൃഷ്ടിപ്പ്, ആത്മാവ് തുടങ്ങിയ ക്രിസ്ത്യൻ മിത്തുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ എല്ലാ മനുഷ്യരും തുല്ല്യരാണെന്ന പ്രയോഗത്തിന് എന്തർത്ഥമാണു നൽകുക? പരിണാമത്തിൻറ അടിസ്ഥാനം വ്യത്യസ്തതയാണ്, തുല്ല്യതയല്ല തന്നെ. ഓരോ മനുഷ്യനും വ്യത്യസ്തമായ ജനിതക കോഡുണ്ട്, വ്യത്യസ്ത പരിതസ്ഥിതികളുടെ സ്വാധീനത്തിലാണ് അവൻ/അവൾ വളരുന്നത്. അതിജീവനത്തിന് വിഭിന്നങ്ങളായ സാധ്യതകൾ നൽകും വിധം വിവിധ ഗുണങ്ങളുടെ വികാസത്തിലേക്ക് അതവരെ നയിക്കുന്നു. അത് കൊണ്ടു തന്നെ തുല്ല്യരായി സൃഷ്ടിക്കപ്പട്ടു എന്ന പ്രയോഗം വിഭിന്നങ്ങളായി പരിണമിച്ചു എന്നു മൊഴിമാറ്റപ്പെടേണ്ടതുണ്ട്.

ജീവശാസ്ത്ര പ്രകാരം പ്രകൃതിയുടെ ലക്ഷ്യബോധമില്ലാത്ത പരിണാമ പ്രക്രിയയിൽ, പ്രത്യേകിച്ചൊരു സ്രഷ്ടാവില്ലാതെ  ഉരുവപ്പെട്ടതാണ് മനുഷ്യനെന്നിരിക്കെ അവരുടെ സ്രഷ്ടാവിനാൽ നൽകപ്പെട്ട എന്നത് ജന്മം കൊണ്ട് എന്നാക്കി മൊഴിമാറ്റപ്പെടണം. അതു പോലെ ജീവശാസ്ത്രത്തിൽ ശരികൾ എന്നൊന്നില്ല. പ്രത്യേക സ്വഭാവ സവിശേഷതകളും  കഴിവുകളുമുള്ള അവയവങ്ങൾ മാത്രമാണുള്ളത്. പറക്കാനുള്ള അവകാശമുള്ളത് കൊണ്ടല്ല പക്ഷി പറക്കുന്നത്, പകരം പറക്കാനുള്ള ചിറകുകളുള്ളത് കൊണ്ടാണെന്ന പോലെ. അത്തരം കഴിവുകളെയൊ സവിശേഷതകളെയോ അന്യാധീനപ്പെടാത്തതാണ് എന്നു പറയുന്നതും ശരിയല്ല. അത്തരത്തിൽപ്പെട്ട പലതും നിരന്തരമായി സംഭവിക്കുന്ന ഉൽപരിവർത്തനത്തിൽ (mutation) നഷ്ടപ്പെട്ടെന്നും വരാം. ഒരു ദശാസന്ധിയിൽ പറക്കാനുള്ള കഴിവ് നഷ്ടപ്പെട്ട ഒട്ടകപ്പക്ഷിയെപ്പോലെ. അത് കൊണ്ട് അന്യാധീനപ്പെടാത്ത എന്ന പ്രയോഗം മ്യൂട്ടേഷന് വിധേയമാകാവുന്ന ചില സവിശേഷതകൾ എന്നു മാറ്റണം.

അതുപോലെ, മനുഷ്യർ കണ്ടെത്തിയതും അവരുടെ ഭാവനയിൽ വിരിഞ്ഞതുമായ അമൂർത്തമായൊരു സങ്കൽപം മാത്രമാണ് 'സ്വാതന്ത്ര്യം' എന്നത്. ജീവശാസ്ത്രത്തിൽ അങ്ങനെയൊരു സംഗതിയില്ല. ജനാധിപത്യ സമൂഹങ്ങളിൽ മനുഷ്യൻ സ്വതന്ത്രനാണ്, സർവ്വാധിപത്യ സമൂഹങ്ങളിൽ മനുഷ്യൻ അസ്വതന്ത്രനാണ് എന്നൊക്കെ പറയുന്നത്  ജീവശാസ്ത്രപരമായ വീക്ഷണത്തിൽ നോക്കുമ്പോൾ അർത്ഥരഹിതമാണ്‌. സന്തോഷം എന്ന പ്രയോഗത്തിനും മൂർത്തമായൊരു നിർവ്വചനമില്ല. അതിനാൽ, ജീവശാസ്ത്രപരമായ പരികല്പനകളിൽ നോക്കുമ്പോൾ, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഇങ്ങനെ മാറ്റിപ്പണിയണം -
വിഭിന്നങ്ങളായി പരിണമിച്ച് ഉൽപരിവർത്തനത്തിന് വിധേയമാകാവുന്ന സ്വഭാവ സവിശേഷതകളോട് കൂടി ജനിച്ച എല്ലാ മനുഷ്യർക്കും ജീവിക്കുവാനും സന്തോഷം തേടാനുമുള്ള അവകാശമുണ്ട്. ന്യായയുക്തമായ ഈ വരികൾ കണ്ട് സമത്വത്തിൻറയും മനുഷ്യാവകാശത്തിൻറയും പോരാളികൾ ക്ഷോഭിക്കും. 'ജീവശാസ്ത്രപരമായി മനുഷ്യർ തുല്ല്യരല്ലെന്നു ഞങ്ങൾക്കൊക്കെ അറിയാം. പക്ഷെ, മനുഷ്യർ തുല്ല്യരാണെന്നു അതിൻറ സത്തയിൽ നമ്മൾ വിശ്വസിച്ചാൽ സ്ഥിരതയും ക്ഷേമവുമുള്ളൊരു സമൂഹത്തെ നമുക്കു വാർത്തെടുക്കാൻ കഴിയും' എന്നായിരിക്കും അവരുടെ പ്രതികരണം. എനിക്ക് പ്രതിവാദമില്ല. സാങ്കൽപിക ക്രമം എന്നത് കൊണ്ട് ഇത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ലോജിക് ഉപയോഗിച്ച് ഹമ്മുറാബിക്കും ഇങ്ങനെ ന്യായീകരിക്കാം എന്നു മാത്രം. 'മനുഷ്യരിൽ ഉന്നതർ, സാധാരണക്കാർ, അടിമകൾ എന്നീ വിഭജനങ്ങളൊന്നുമില്ല. അങ്ങനെയൊരു സാമൂഹ്യ ക്രമത്തെ സങ്കൽപിക്കുക വഴി നമുക്ക് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാം.'സാങ്കൽപിക ക്രമം എന്നു പറയുമ്പോൾ അത് പെെശാചിക ഗൂഢാലോചനയോ ഉപയോഗശൂന്യമായ മൃഗതൃഷ്ണയോ അല്ല, പകരം  വലിയ അളവിലുള്ള മനുഷ്യസമൂഹങ്ങളെ പരസ്പരം സഹകരിപ്പിക്കാനുള്ള ഒരേയൊരു പോംവഴിയാണ്‌.

യഥാർത്ഥ വിശ്വാസികൾ

കഴിഞ്ഞ ചില പാരഗ്രാഫുകൾ വായിച്ചപ്പോൾ ഒട്ടനവധി പേർ തങ്ങളുടെ കസേരയിലിരുന്ന് ഞെരിപിരി കൊണ്ടിട്ടുണ്ടാവും! അത്തരം രീതിയിലൊക്കെ പ്രതികരിക്കാനാണ് ഇക്കാലത്ത് നാം പഠിപ്പിക്കപ്പെടുന്നത്. ഹമ്മുറാബിയുടെ നിയമസംഹിത ഒരു മിത്തായിരുന്നു എന്നു പറഞ്ഞാൽ സ്വീകരിക്കാൻ ഒരു പ്രയാസവുമില്ല നമുക്ക്. പക്ഷെ മനുഷ്യാവകാശങ്ങളും അതു പോലെ വേറൊരു  മിത്താണെന്നു കേൾക്കാൻ നമ്മളിഷ്ടപ്പെടുന്നില്ല. മനുഷ്യാവകാശങ്ങളൊക്കെ കേവലം സങ്കൽപങ്ങളാണെന്നു ആളുകൾ തിരിച്ചറിഞ്ഞാൽ നമ്മുടെ സമൂഹം അപകടത്തിലാവുകയില്ലേ? ദെെവത്തെക്കുറിച്ചു വോൾട്ടയർ പറഞ്ഞത് - ദെെവമില്ല, പക്ഷെ അക്കാര്യം എൻറ വേലക്കാരനോടു പറയരുത്, അവൻ രാത്രി എന്നെ കൊന്നേക്കാം എന്നാണ്‌. എട്ടുകാലികൾക്കും ചിമ്പാൻസികൾക്കും പ്രത്യേക അവകശങ്ങളൊന്നുമില്ലാത്തത് പോലെ മനുഷ്യർക്കും അങ്ങനെ പ്രത്യേക അവകാശങ്ങളൊന്നുമില്ല.

അത്തരം ഭയാശങ്കകൾ അസ്ഥാനത്തല്ല.പ്രകൃതിയുടെ ക്രമം എന്നു പറയുമ്പോൾ അത് മാറ്റമില്ലാത്തതും ഉറപ്പുള്ളതുമാണ്. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഭൂമിയുടെ ഗുരുത്വാകർഷണം നാളെ നിലയ്ക്കാനൊരു സാധ്യതയുമില്ല. അതേ സമയം സാങ്കൽപിക ക്രമങ്ങൾ എപ്പോഴും തകർന്നു വീഴാം. കാരണം ചില മിത്തുകൾക്കു മേലെയാണ് ആ ക്രമങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്‌. മിത്തുകളോ, ആളുകൾ അതിൽ വിശ്വസിക്കുന്നത് നിർത്തിയാൽ കഴിഞ്ഞു കഥ. ഒരു  സാങ്കൽപിക ക്രമത്തെ സംരക്ഷിച്ചു നിർത്താൻ നിരന്തരമായ പരിശ്രമങ്ങൾ അനുപേക്ഷണീയമാണ്. ആ ശ്രമങ്ങൾ ചിലപ്പോൾ അക്രമത്തിലേക്കും ബലപ്രയോഗത്തിലേക്കും എത്തുന്നു. പട്ടാളവും പോലീസും കോടതികളും ജയിലുകളും എല്ലാം ചേർന്ന് ഒരു സാങ്കൽപിക ക്രമത്തെ അനുസരിക്കാൻ നിരന്തരം ജനങ്ങളെ നിർബന്ധിക്കുന്നു. പുരാതന ബാബിലോണിൽ ഒരാൾ അയൽവാസിയുടെ കണ്ണ് പൊട്ടിച്ചാൽ കണ്ണിന് കണ്ണ് എന്ന ഹമ്മുറാബിയുടെ നിയമം നടപ്പിലാക്കാൻ അക്രമം ആവശ്യമായി വന്നു. 1860 ൽ, ആഫ്രിക്കൻ അടിമകളും മനുഷ്യരാണെന്നും സ്വാതന്ത്യം രുചിക്കാൻ അവർക്കും അവകാശമുണ്ടെന്നും ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും ഉൾക്കൊള്ളാൻ തയ്യാറായപ്പോഴും തെക്കൻ സ്റ്റേറ്റുകൾ അത് സമ്മതിക്കാൻ രക്തരൂക്ഷിതമായൊരു ആഭ്യന്തര യുദ്ധം തന്നെ വേണ്ടി വന്നു.

എന്നിരുന്നാലും, അക്രമം കൊണ്ടു മാത്രം ഒരു സാങ്കൽപിക ക്രമത്തെയും നില നിർത്താനാവില്ല. കുറച്ച് യഥാർത്ഥ വിശ്വാസികളെയും അതിനാവശ്യമാണ്. നൂറു പട്ടാളക്കാർ ചെയ്യുന്ന പണി അതിലേറെ ഫലപ്രദമായി ഒരു പുരോഹിതനെക്കൊണ്ട് ചെയ്യാൻ സാധിക്കും. ബയണറ്റുകൾ എത്ര മാത്രം ഫലപ്രദമാണെങ്കിലും ആരെങ്കിലും അതൊന്നു വീശേണ്ടതുണ്ട്. മനഷ്യ കൂട്ടായ്മ ആവശ്യമുള്ള സംഗതികളിൽ സംഘടിപ്പിക്കാൻ ഏറെ പ്രയാസമുള്ളത് അക്രമമാണ്‌. മിലിട്ടറിയുടെ ശക്തികൊണ്ടാണ് ഒരു സാമൂഹ്യക്രമം നിലനിൽക്കുന്നതെന്നു പറയുമ്പോൾ പെട്ടെന്നുതന്നെ ഒരു ചോദ്യമുയരുന്നു. മിലിട്ടറി ക്രമത്തെ എന്താണ് നില നിർത്തുന്നത്‌. അധികാര പ്രയോഗം കൊണ്ടു മാത്രം ഒരു സെെനത്തെ സംഘടിപ്പിക്കുക അസാധ്യമാണ്. ഏറ്റവും ചുരുങ്ങിയത് കുറച്ചു ജനറൽമാരും പട്ടാളക്കാരുമെങ്കിലും എന്തെങ്കിലുമൊന്നിൽ വിശ്വസിക്കണം. ദെെവം, ബഹുമതി, മാതൃരാജ്യം, പുരുഷത്വം, പണം - എന്തുമാവട്ടെ. ബിഷപ്പുമാരിലും പുരോഹിതരിലും ഭൂരിപക്ഷവും ക്രിസ്തുവിൽ യഥാർത്ഥത്തിൽ വിശ്വസിച്ചിരുന്നില്ലെങ്കിൽ ക്രിസ്തുമതം രണ്ടായിരം വർഷം പോലും നിലനിൽക്കുമായിരുന്നില്ല. ഭൂരിപക്ഷം പ്രസിഡൻറുമാരും കോൺഗ്രസ്സ് അംഗങ്ങളും മനുഷ്യാവകാശങ്ങളിൽ വിശ്വസിച്ചിരുന്നില്ലെങ്കിൽ അമേരിക്കൻ ജനാധിപത്യം 250 വർഷം പോലും നീണ്ടു നിൽക്കില്ലായിരുന്നു. ഭൂരിപക്ഷം നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും മുതലാളിത്തത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ആധുനിക സമ്പദ് വ്യവസ്ഥ ഒരു ദിവസം പോലും നിലനിൽക്കുമായിരുന്നില്ല!

കാരാഗൃഹത്തിൻറ മതിലുകൾ

എങ്ങനെയാണ് നിങ്ങൾ ക്രിസ്തുമതം, ജനാധിപത്യം,മുതലാളിത്തം തുടങ്ങിയ സാങ്കൽപിക ക്രമങ്ങളിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്?

ഒന്നാമത്തെ കാര്യം ആ ക്രമം സാങ്കൽപികമാണെന്ന് നിങ്ങൾ സമ്മതിക്കുന്നേയില്ല. ആ സാമൂഹ്യ ക്രമം ദെെവത്താലോ പ്രകൃതി നിയമങ്ങളാലോ സൃഷ്ടിക്കപ്പെട്ട വസ്തുനിഷ്ഠമായൊരു യാഥാർത്ഥ്യമാണെന്നു നിങ്ങൾ എപ്പോഴും വാദിക്കുന്നു. ഹമ്മുറാബി പറഞ്ഞതു കൊണ്ടല്ല ജനങ്ങൾ എല്ലാവരും തുല്ല്യരല്ലെന്നു പയുന്നത്‌. എനിൽ,  മർദക് തുടങ്ങിയ ദേവൻമാർ അങ്ങനെ അനുശാസിച്ചു എന്നത് കൊണ്ടാണ്. തോമസ് ജാഫേഴ്സൺ എന്ന അമേരിക്കൻ പ്രസിഡൻറ് പറഞ്ഞു എന്നത് കൊണ്ടല്ല ജനങ്ങളെല്ലാം തുല്ല്യരാണെന്നു പറയുന്നത്. പകരം, ആ വിധത്തിലാണ് ദെെവം അവരെ സൃഷ്ടിച്ചിട്ടുള്ളത് എന്നതു കൊണ്ടാണ്. പ്രകൃതിയുടെ മാറ്റാനാവാത്തൊരു നിയമമാണതെന്നതു കൊണ്ടാണ് സ്വതന്ത്ര വിപണിയാണ് ഏറ്റവും നല്ല സാമ്പത്തിക വ്യവസ്ഥിതി എന്നു പറയുന്നത്, അല്ലാതെ ആഡംസ്മിത്ത് അങ്ങനെ പറഞ്ഞു എന്നതു കൊണ്ടല്ല-അങ്ങനെയാണ് നിങ്ങൾ മനുഷ്യരെ പഠിപ്പിക്കുന്നത്‌. അവർ ഭൂമിയിൽ ജന്മം കൊണ്ട ആ നിമിഷം മുതൽ, സർവ്വ കാര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നൊരു സാമൂഹ്യ ക്രമത്തെക്കുറിച്ച് അവരെ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. യക്ഷിക്കഥകൾ, നാടകങ്ങൾ, പെയിൻറിംഗുകൾ, പാട്ടുകൾ, ആചാര ക്രമങ്ങൾ, രാഷ്ട്രീയ പ്രചാരണം, വാസ്തുശില്പം, പാചകം, ഫാഷൻ തുടങ്ങി സകല കാര്യങ്ങളിലെക്കും അവർ കൂട്ടിയോജിപ്പിക്കപ്പെടുന്നു. ഒരു സമയത്ത് തൊഴിലാളികളുടെ വസ്ത്രമായിരുന്ന ജീൻസ് ധരിക്കുന്നത് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ ഇന്ന് ഫാഷനായി കരുതുന്നു. കാരണം, ഇന്നത്തെ മനുഷ്യർ തുല്ല്യതയിൽ വിശ്വസിക്കുന്നു. മധ്യകാലത്ത് മനുഷ്യരെ വിവിധ വർഗ്ഗങ്ങളായാണ് ഗണിച്ചിരുന്നത് എന്നതു കൊണ്ട് ഒരു ഉന്നതസ്ഥാനീയൻ ഒരിക്കലുമൊരു കർഷകൻറ വസ്ത്രം ധരിക്കുമായിരുന്നില്ല.  'സർ' , 'മാഡം' എന്നൊക്കെയുള്ള അഭിസംബോധനകൾ അന്ന് ഉന്നതകുലജാതർക്കു മാത്രം അർഹതപ്പെട്ട പ്രത്യേകാവകാശങ്ങളായിരുന്നു. ഇന്നത്തെ ഔപചാരികമായ എല്ലാ കത്തിടപാടുകളിലും സ്വീകർത്താവിൻറ സ്ഥാനം നിർണ്ണയിക്കാതെ ഡിയർ സർ, മാഡം എന്നിങ്ങനെയാണ് തുടങ്ങുന്നത്. സാങ്കൽപിക ക്രമം എങ്ങനെയാണ് മനുഷ്യ ജീവിതത്തിൻറ ചിത്ര കമ്പളത്തിലേക്ക് തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നതെന്നു വിശദീകരിക്കാനാണ് മാനവിക-സാമൂഹിക ശാസ്ത്രങ്ങൾ അവയുടെ ഊർജ്ജം കൂടുതലും ചിലവിടുന്നത്.

തങ്ങളുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ക്രമം ഭാവനയിൽ മാത്രമാണ് നിലനിൽക്കുന്നതെന്ന തിരിച്ചറിവിൽ നിന്നും മനുഷ്യരെ തടയുന്നത് പ്രധാനമായും മൂന്നു ഘടകങ്ങളാണ്.

A - സാങ്കൽപിക ക്രമം ഭൗതിക ലോകത്താൽ നിയന്ത്രിതമാണ്.

സാങ്കൽപിക ക്രമം ഭാവനയിൽ മാത്രം നില നിൽക്കുന്നൊരു സംഗതിയാണെങ്കിലും അതിനെ നമുക്കു ചുറ്റുമുള്ള ഭൗതിക യാഥാർത്ഥ്യവുമായി ഇഴചേർക്കാൻ കഴിയും. കൂടുതൽ പാശ്ചാത്യരും വ്യക്തി വാദത്തിൽ വിശ്വസിക്കുന്നവരാണ്‌. ഓരോ മനുഷ്യനും ഒാരോ സ്വതന്ത്ര വ്യക്തിത്വമാണെന്നാണ് അവരുടെ വിശ്വാസം.മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല അവൻറ/അവളുടെ വ്യക്തിത്വത്തിൻറ വില നിർണ്ണയിക്കപ്പെടുന്നത്. നമ്മുടെ ഓരോരുത്തരുടെയും അന്തരാളത്തിൽ ജ്വലിക്കുന്നൊരു പ്രകാശ കിരണമുണ്ട്‌. അതാണ് നമ്മുടെ ജീവിതത്തിന് അർത്ഥവും വിലയും നൽകുന്നത്. മറ്റുള്ള കുട്ടികൾ പരിഹസിച്ചാൽ അതവഗണിച്ചു തള്ളണമെന്നാണ് ആധുനിക പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകരും രക്ഷിതാക്കളും പഠിപ്പിക്കുന്നത്. മറ്റുള്ളവർക്കല്ല, അവർക്കാണ് അവരുടെ യഥാർത്ഥ വിലയറിയുന്നത്‌. അവർക്കു മാത്രം.

ആധുനിക വാസ്തു ശില്പത്തിൽ ഈ മിത്ത് ഭാവനയിൽ നിന്നും പുറത്തുചാടുകയും കല്ലിലും കുമ്മായത്തിലും രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഒാരോ കുട്ടിക്കും വീട്ടിലെ മറ്റു അംഗങ്ങളുടെ കാഴ്ചയിൽ നിന്നു മറഞ്ഞു നിൽക്കാനാവും വിധം സ്വകാര്യത പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇന്നത്തെ വീടുകളെ പല ചെറിയ മുറികളാക്കി വിഭജിച്ചിട്ടുള്ളത്‌. ഒാരോ മുറിക്കും സ്വാഭാവികമായും വാതിലുകളുണ്ട്. മിക്ക വീടുകളിലും മാതാപിതാക്കൾക്കു പോലും അനുവാദമില്ലാതെ അകത്തു കയറാനാവാത്ത വിധം ഈ വാതിലുകൾ ലോക്ക് ചെയ്യപ്പെടുകയൊ അടഞ്ഞു കിടക്കുകയോ ആണ് പതിവ്‌. കുട്ടിയെ രസിപ്പിക്കും വിധം ചുവരുകളിൽ റോക്ക് സ്റ്റാറുകളുടെ ചിത്രങ്ങളുണ്ട്; തറയിൽ മുഷിഞ്ഞ സോക്സും. അത്തരമൊരു സാഹചര്യത്തിൽ വളർന്നു വരുന്ന ഏതൊരാളും, പുറത്തു നിന്നെന്നതിനെക്കാൾ സ്വന്തം ഉള്ളിൽ നിന്നു തന്നെ യഥാർത്ഥ മൂല്യം രൂപപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിലാണ് സ്വയം സങ്കൽപിക്കുക.

മധ്യകാലത്ത് ജീവിച്ച ഉന്നത കുലജാതരൊന്നും വ്യക്തിവാദത്തിൽ വിശ്വസിക്കുന്നവരായിരുന്നില്ല. സമൂഹത്തിലെ അധികാരശ്രേണിയിലെ സ്ഥാനമനുസരിച്ചും, അവരെക്കുറിച്ചു മറ്റുള്ളവർ എന്തു പറയുന്നു എന്നു നോക്കിയുമായിരുന്നു ഒരാളുടെ സ്ഥാനമാനം നിർണ്ണയിക്കപ്പെട്ടിരുന്നത്. ആരാലും പരിഹസിക്കപ്പെടുക എന്നത് സഹിക്കാനാവാത്ത അപമാനമായിരുന്നു. അവരുടെ രമ്യഹർമങ്ങളിൽ സ്വകാര്യ മുറികൾ അപൂർവ്വമായിരുന്നു. കൗമാരക്കാരൻ മറ്റു കൗമാരക്കാരോടൊപ്പം വലിയ ഹാളിൽ ഒന്നിച്ചുറങ്ങി. അവന് വലിയ സ്വകാര്യതയൊന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവർ എന്തു കാണുന്നു, കേൾക്കുന്നു എന്നതിനെ വിലമതിക്കേണ്ടതുണ്ടായിരുന്നു അവന്. അത്തരമൊരു പരിതസ്ഥിതിയിൽ വളരുന്നൊരാൾ സ്വാഭാവികമായും അധികാരശ്രേണിയിലെ  സ്ഥാനമനുസരിച്ചും മറ്റുള്ളവർ അവനെക്കുറിച്ചു എന്തു പയുന്നു എന്നതിനനുസരിച്ചുമാണ് സമൂഹത്തിൽ ഒരാളുടെ വില നിർണ്ണയിക്കപ്പെടുന്നതെന്ന് സ്വയം മനസ്സിലാക്കി.

B - സാങ്കൽപിക ക്രമം നമ്മുടെ  നമ്മുടെ അഭിലാഷങ്ങൾക്ക് രൂപം നൽകുന്നു.

തങ്ങളെ ഭരിക്കുന്ന ക്രമം ഒരു ഭാവനയാണെന്നു സമ്മതിക്കാൻ കൂടുതൽ ആളുകളും ആഗ്രഹിക്കുന്നില്ല. യഥാർത്ഥത്തിൽ നിലവിലുള്ളൊരു സാങ്കൽപിക ക്രമത്തിലേക്കാണ് അവൻ/അവൾ ജനിച്ചു വീഴുന്നത് തന്നെ. ഈ ക്രമത്തിൽ ആധിപത്യം പുലർത്തുന്ന ഒരുപിടി മിത്തുകളാണ് അവളുടെ/അവൻറ ഇഷ്ടാനിഷ്ടങ്ങളെ രൂപപ്പെടുത്തുന്നത്‌. അപ്പോൾ നമ്മുടെ വക്തിപരമായ അഭിലാഷങ്ങളാണ് സാങ്കൽപിക ക്രമത്തിൻറ പ്രധാന പ്രതിരോധകരാവുന്നത്‌ എന്നു വരുന്നു. ഉദാഹരണത്തിന്, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കാൽപനികമോ, ദേശീയമോ, മുതലാളിത്തപരമോ, മനുഷ്യാവകാശപരമോ ആയ ചില മിത്തുകളാണ് ഇക്കാലത്തെ പാശ്ചാത്യരുടെ അഭിവാഞ്ജകളെ രൂപപ്പെടുത്തുന്നത്.

കൂടുതൽ സന്തോഷവാൻമാരായിരിക്കുന്നതിന് സാധ്യമാകാവുന്നത്രയും സാധനങ്ങളും സേവനങ്ങളും വാങ്ങിയുപയോഗിക്കണമെന്നാണ് ഉപഭോഗ സംസ്കാരം നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം സംസ്കാരങ്ങളിലെയും മിക്ക മനുഷ്യരും പുരാതന ഈജിപ്തിലെ പ്രഭുക്കളെപ്പോലെത്തന്നെ പിരമിഡുകളുണ്ടാക്കാനാണ് തങ്ങളുടെ ജീവിതം ചെലവഴിക്കുന്നത്. ഒാരോന്നിലും പേരോ, രൂപമോ, വലിപ്പമോ വ്യത്യാസപ്പെട്ടിരിക്കാം എന്നു മാത്രം. നഗരപ്രാന്തത്തിൽ സ്വിമ്മിംഗ് പൂളും നിത്യ ഹരിതമായ പുൽത്തകിടുമുള്ളൊരു രമ്യഹർമത്തിൻറ രൂപത്തിലോ സുന്ദരമായ ചെറിയൊരു വീടിൻറ രൂപത്തിലോ ആകാമത്. പിരമിഡിനു പ്രഥമ സ്ഥാനം നൽകുന്ന മിത്തിനെ ചോദ്യം ചെയ്യാൻ ആരും തയ്യാറല്ല.

C - ഒരു സാങ്കൽപികക്രമം പരസ്പരബന്ധിതമായ ഒരുപാട് ആത്മനിഷ്ഠതകളാണ്.

ഏതെങ്കിലും അതിമാനുഷ ശ്രമങ്ങൾ കൊണ്ട് വ്യക്തിപരമായ എൻറ ആഗ്രഹങ്ങളെ സാങ്കൽപികക്രമത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചാൽ പോലും കാര്യമില്ല. ഞാൻ വെറുമൊരു വ്യക്തി മാത്രമാണ്. ഒരു സാങ്കൽപിക ക്രമത്തെ മാറ്റണമെങ്കിൽ തീർത്തും അപരിചിതരായ ലക്ഷക്കണക്കിനു മനുഷ്യരെ ഞാനതു ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. കാരണം സാങ്കൽപികക്രമമെന്നു പറയുന്നത് ഞാനെന്ന ഒരു വ്യക്തിയുടെ ബോധതലത്തിൽ മാത്രമുള്ളൊരു ക്രമമല്ല, പ്രത്യുത ഒരേ സമയം ലക്ഷക്കണക്കിനു മനുഷ്യർ പങ്കുവെയ്ക്കുന്ന പൊതു ഭാവനയാണത്‌.

അതു മനസ്സിലാകണമെങ്കിൽ 'വസ്തുനിഷ്ഠമായ', 'ആത്മനിഷ്ഠമായ',  'പരസ്പര ബന്ധിത ആത്മനിഷ്ഠത' തുടങ്ങിയ പരികല്പനകൾക്കിടയിലെ വ്യത്യാസങ്ങളെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

വസ്തുനിഷ്ഠ പ്രതിഭാസം എന്നു പറയുമ്പോൾ അത് മനുഷ്യരുടെ ബോധത്തിലും വിശ്വാസത്തിലും സ്വതന്ത്രമായി നിലനിൽക്കുന്ന ഒന്നാണ്. റേഡിയോ ആക്റ്റിവിറ്റിയെ ഉദാഹരണമായെടുക്കാം. അതൊരു വെറും മിത്തല്ല. മനുഷ്യർ കണ്ടെത്തുന്നതിനു മുമ്പു തന്നെ റേഡിയോ ആക്റ്റീവ് വികിരണങ്ങളുണ്ടായിരുന്നു, മനുഷ്യൻ വിശ്വസിച്ചില്ലെങ്കിലും അതപകടകാരി തന്നെയാണ്‌. തൻറ ദീർഘമായ ഗവേഷണ കാലയളവിൽ, റേഡിയോ ആക്റ്റീവ് വികിരണങ്ങൾ ശരീരത്തിനു മാരകമാണെന്ന് റേഡിയൊ ആക്റ്റീവിറ്റി കണ്ടു കണ്ടുപിടിച്ചവരിൽ ഒരാളായിരുന്ന മേരി ക്യൂരിക്ക് അറിയുമായിരുന്നില്ല. അതു കാരണമാണവർ മരണപ്പെട്ടതും.

ആത്മനിഷ്ഠമെന്നു പറയുമ്പോൾ ഒരു വ്യക്തിയുടെ ബോധത്തിലും വിശ്വാസത്തിലും മാത്രം നിലനിൽക്കുന്നൊരു സംഗതിയാണത്‌. ആ പ്രത്യേക വ്യക്തി വിചാരിച്ചാൽ മാറാവുന്നതോ അപ്രത്യക്ഷമാകാവുന്നതോ ആണത്.

പരസ്പര ബന്ധിത ആത്മനിഷ്ഠതകൾ എന്നു പറയുമ്പോൾ അത് നിരവധി വെെയക്തിക ബോധങ്ങളുടെ ശൃംഖലയായാണ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട വ്യക്തി തൻറ വിശ്വാസത്തിൽ വരുത്തുന്ന മാറ്റത്തിന് ഒരു പ്രാധാന്യവുമില്ല. എന്നിരുന്നാലും ആ ശൃംഖലയിലെ ഭൂരിപക്ഷം പേരും തങ്ങളുടെ വിശ്വാസത്തിൽ മാറ്റം വരുത്താൻ തയ്യാറായാൽ അത് മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യും. നിയമം, പണം, ദെെവം, രാഷ്ട്രം എന്നതൊക്കെ ഇതിനു (പരസ്പര ബന്ധിത ആത്മനിഷ്ഠതകൾ)ഉദാഹരണമാണ്.

ഡോളർ, മനുഷ്യാവകാശങ്ങൾ, യുണെെറ്റഡ് സ്റ്റേറ്റ്സ് എന്നിവ നിലനിൽക്കുന്നതും അതേ രീതിയിൽ തന്നെ. ഒരു വ്യക്തി മാത്രം വിചാരിച്ചാൽ അതിൻറ നിലനിൽപിനെ അപകടപ്പെടുത്താനാവില്ല. അത് സാധ്യമാവണമെങ്കിൽ ഒരേ സമയം ലക്ഷക്കണക്കിനു മനുഷ്യരുടെ ബോധത്തിൽ മാറ്റം വരണം. അതത്ര എളുപ്പവുമല്ല. സുഘടിതമായൊരു പ്രസ്ഥാനത്തിനോ, രാഷ്ട്രീയ പാർട്ടിക്കോ, ഒരു പ്രത്യയ ശാസ്ത്ര മുന്നേറ്റത്തിനോ അല്ലെങ്കിലൊരു മത വിഭാഗത്തിനോ മാത്രമേ അത്രയും ബൃഹത്തായൊരു മാറ്റത്തിനു കെൽപുണ്ടാവുകയുള്ളൂ. പക്ഷെ ഒരു സാങ്കൽപിക ക്രമത്തിനെ മാറ്റണമെങ്കിൽ പകരം നമ്മൾ വേറൊരു സാങ്കൽപിക ക്രമത്തിൽ വിശ്വസിക്കേണ്ടതുണ്ട്‌.

സാങ്കൽപിക ക്രമത്തിന് പുറത്തൊരു വഴിയില്ല. ഒരു ജയിൽ ഭിത്തികൾ ഭേദിച്ച് സ്വാതന്ത്ര്യത്തിൻറ സ്വച്ഛതയിലേക്കോടുമ്പോൾ യഥാർത്ഥത്തിൽ വിശാലമായ വലിയൊരു ജയിലറയുടെ മുറ്റത്തേക്കു മാത്രമാണ് നാമോടുന്നത്!

ഓർമകളുടെ ഭാരം

ഒരു സായാഹ്നത്തിൽ സ്കൂൾ മുറ്റത്തു കണ്ടു മുട്ടിയ അപരിചിതരോടൊത്ത് ഒരു ഫുട്ബോൾ മൽസരത്തിലേർപ്പെടണമെങ്കിൽ മുമ്പൊരിക്കലും കാണാത്ത പത്ത് സഹകളിക്കാരുമായി പൊരുത്തത്തിൽ കളിച്ചാൽ മാത്രം പോര, എതിർഭാഗത്ത് കളിക്കുന്ന പതിനൊന്നു പേരും ഒരേ കളിനിയമങ്ങൾ പാലിക്കുന്നുണ്ടെന്നറിയുക കൂടി വേണം. ഒരു ഫുട്ബോൾ കളിയിലെ നിയമങ്ങൾ താരതമ്യേന ലളിതവും സംക്ഷിപ്തവുമാണ്‌. എന്നാൽ ലക്ഷക്കണക്കിനു മനുഷ്യരുടെ സഹകരണം ആവശ്യമായ കാര്യങ്ങളിൽ വലിയ അളവിലുള്ള വിവര സഞ്ചയം സൂക്ഷിക്കുകയും കെെകാര്യം ചെയ്യുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഉറുമ്പുകളെയും തേനീച്ചകളെയും പോലെ വലിയ സമൂഹങ്ങളായി ജീവിക്കുന്ന ചില സ്പീഷീസുകളിൽ അവരുടെ സുഗമമായ നിലനിൽപിനാവശ്യമായ വിവരങ്ങൾ അവരുടെ ജനിതക കോഡിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. വളരെ സങ്കീർണ്ണമായ സാമൂഹ്യ ഘടനയാണ് തേനീച്ചക്കൂട്ടങ്ങളുടേത്. പല തരത്തിലുള്ള ജോലിക്കാരുണ്ടതിൽ. പക്ഷെ ഒരു തേനീച്ച വക്കീലിനെ ഗവേഷകരാരും ഇതു വരെ കണ്ടെത്തിയിട്ടില്ല. കാരണം അവരുടെ ഘടനയിൽ അതിൻറ ഒരാവശ്യമില്ല. രാജ്ഞി ഒരിക്കലും മറ്റു തേനീച്ചകളെ വഞ്ചിക്കുകയോ സാധാരണ തേനീച്ചകൾ വേതന വർദ്ധനവിനു വേണ്ടി സമരത്തിലേർപ്പെടുകയോ ചെയ്യാറില്ല. പക്ഷെ, മനുഷ്യർ എപ്പോഴും അത്തരം കാര്യങ്ങളിലേർപ്പെടുന്നവരാണ്. കാരണം മനുഷ്യൻറ സാമൂഹ്യഘടന സാങ്കൽപികമാണ്. നിയമങ്ങളും നടപടിക്രമങ്ങളും സാർത്ഥകമായി നിലനിൽക്കണമെങ്കിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലുകളുണ്ടാവേണ്ടതുണ്ട്. അല്ലാത്തപക്ഷം ആ സാമൂഹ്യ ഘടന പെട്ടെന്ന് അസ്ഥിരപ്പെടും.

രാഷ്ട്രങ്ങൾ വലിയ അളവിലുള്ള വിവരങ്ങൾ  ഉദ്പാദിപ്പിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾ മനുഷ്യൻ ഒരിടത്തു മാത്രമാണ് വിവരങ്ങൾ സൂക്ഷിച്ചിരുന്നത് - അവരുടെ തലച്ചോറിൽ. നിർഭാഗ്യവശാൽ മൂന്നു കാരണങ്ങളാൽ മനുഷ്യൻറ തലച്ചോറ് ബൃഹത്തായ വിവരങ്ങൾ സൂക്ഷിക്കാവുന്നൊരു ഉപകരണമല്ല. ആദ്യമായി അതിൻറ ശേഷി പരിമിതമാണ്. രണ്ടാമതായി മരണത്തോടെ തലച്ചോറും അതിലെ വിവരങ്ങളും നാശമടയുന്നു. മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായി പ്രത്യേകതരം വിവരങ്ങളെ മാത്രം സൂക്ഷിക്കാനും വിനിമയം ചെയ്യാനുമാവുന്നതാണ് അതിൻറ ഘടന.

ആദിമ മനുഷ്യന് വലിയ അളവിലുള്ള ഗണിത വിവരങ്ങൾ കെെകാര്യം ചെയ്യാനില്ലായിരുന്നു. കാട്ടിൽ ഓരോ മരത്തിലും എത്ര പഴങ്ങളുണ്ടെന്ന് ഓർത്തുവെയ്ക്കേണ്ട ആവശ്യം അവർക്കില്ലായിരുന്നു. എന്നാൽ വലിയൊരു രാജ്യത്ത് ഗണിതത്തിൻറ ഉപയോഗം അത്യന്താപേക്ഷിതമാണ്‌. പൗരൻറ വരുമാനം, നികുതി തുടങ്ങി ലക്ഷക്കണക്കിനു കാര്യങ്ങളുടെ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്. ഇത്രയും ബൃഹത്തായ വിവരങ്ങൾ ഹൃദിസ്ഥമാക്കുകയും ഓർമിച്ചെടുക്കുകയും ചെയ്യേണ്ടതായി വന്നപ്പോൾ മിക്ക തലച്ചോറുകളും തളരുകയോ നിദ്രയിലാവുകയോ ചെയ്തു.

ഈ പ്രശ്നത്തെ ആദ്യമായി തരണം ചെയ്തത്  മൊസപ്പൊട്ടേമിയയുടെ തെക്ക് പ്രദേശങ്ങളിൽ ജീവിച്ച പുരാതന സുമേറിയക്കാരായിരുന്നു. വലിയ അളവിലുള്ള ഗണിത വിവരങ്ങൾ സൂക്ഷിക്കാൻ അറിയപ്പെടാത്ത ഏതാനും സുമേറിയൻ ജീനിയസ്സുകൾ ബി.സി. 3500 നും 3000 നുമിടയിൽ ഒരു വിദ്യ കണ്ടെത്തി - അതിൻറ പേരാണ് എഴുത്തു വിദ്യ!

ഭൗതികമായ ചില ചിഹ്നങ്ങളിലൂടെ വിവരങ്ങൾ സൂക്ഷിക്കുന്ന വിദ്യയാണ് എഴുത്ത്. രണ്ടു തരത്തിലുള്ള ചിഹ്നങ്ങളെയാണ് അവർ ഉപയോഗിച്ചിരുന്നത്. ഒന്ന് അക്കങ്ങളെ സൂചിപ്പിക്കുന്നതും മറ്റൊന്ന് മനുഷ്യർ, മൃഗങ്ങൾ, വാണിജ്യം, ഭൂപ്രദേശങ്ങൾ, തിയ്യതികൾ തുടങ്ങിയവയെ സൂചിപ്പിക്കുന്നതും.  ചില സംഖ്യകളെയും വസ്തുതകളെയും അടയാളപ്പെടുത്താനാണ് ശെെശവ ദശയിൽ എഴുത്തു വിദ്യ ഉപയോഗിക്കപ്പെട്ടത്‌.

കണ്ടെടുക്കപ്പെട്ടതിൽ, നമ്മുടെ പൂർവ്വികരുടെ ആദ്യ സന്ദേശം ഇതായിരുന്നു - '29,086 അളവിൽ ബാർലി 37 മാസങ്ങൾ ഖുഷിം' അതിൻറ ഏറ്റവും സാധ്യതയുള്ള അർത്ഥം ഇങ്ങനെയാവാം - 37 മാസങ്ങൾക്കിടയിൽ 29,086 അളവ് ബാർലി കിട്ടി ബോധിച്ചു. ഖുഷിം, ഒപ്പ്. (ഖുഷിം എന്നത് ഒരുദ്യോഗപ്പേരോ പ്രത്യേക വ്യക്തിയുടെ പേരോ ആകാം). ആദ്യ കാല സുമേറിയക്കാർ എഴുത്തിനുപയോഗിച്ചത്  ഭാഗികമായ ലിപികളായിരുന്നു. കുറഞ്ഞതോ കൂടിയതോ ആയ അളവിൽ സംസാരഭാഷയെ പ്രതിനിധീകരിക്കുന്ന ഭൗതികചിഹ്നങ്ങളാണ് പൂർണ്ണമായ ലിപി. അതുകൊണ്ടു തന്നെ കവിതയടക്കം മനുഷ്യർ പറയുന്ന എന്തിനെയും പ്രകടിപ്പിക്കാൻ അതിനു സാധിക്കും. ടാക്സ് രജിസ്റ്റർ എഴുതാനും പ്രണയ കാവ്യമെഴുതാനും ചരിത്ര പുസ്തകമെഴുതാനും അതുപയോഗിക്കാം. എന്നാൽ ഭാഗികമായ ലിപികൾ വളരെ പരിമിതമായ ചില ആവശ്യങ്ങൾക്കേ ഉപകരിക്കൂ.

ഉദ്യോഗവൃന്ദത്തിൻറ അതിശയങ്ങൾ

ഗണിതത്തിൻറ വിരസതകൾക്കുപരി  മെസപ്പൊട്ടേമിയക്കാർ ക്രമേണ മറ്റു ചിലതു കൂടി രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങി.  ബി.സി. 3000 നും 2500 നുമിടയിൽ സുമേറിയൻ ലിപിമാലയിലേക്ക് കൂടുതൽ ചിഹ്നങ്ങൾ ചേർക്കപ്പെടുകയും ക്രമേണ സമ്പൂർണ്ണമായ ലിപിമാല രൂപപ്പെടുകയുമാണ് ചെയ്തത്. അതിനെയാണ് നമ്മളിന്നു ക്യൂനിഫോം ലിപിയെന്നു വിളിക്കുന്നത്. ബി.സി. രണ്ടായിരത്തി അഞ്ഞൂറോടു കൂടി രാജവിളംബരങ്ങൾക്കും, പുരോഹിതർ വെളിപാടുകൾ രേഖപ്പെടുത്തി വെയ്ക്കാനും, സാധാരണ ആളുകൾ കത്തിടപാടുകൾക്കും ഈ ലിപി ഉപയോഗിക്കാൻ തുടങ്ങി. ഏറെക്കുറെ അതേ സമയത്തു തന്നെ ഈജിപ്തുകാർ മറ്റൊരു സമ്പൂർണ്ണ ലിപിമാല വികസിപ്പിച്ചെടുത്തു. അതാണ് ഹെെറോഗ്ളിഫിക്സ് എന്നു വിളിക്കപ്പെടുന്നത്. ബി.സി. 1200 ൽ ചെെനയിലും ബി.സി. 1000 നും 500 നുമിടയിൽ മധ്യ അമേരിക്കയിലും പുതിയ ലിപികൾ രൂപപ്പെട്ടു. ഉത്ഭവം കൊണ്ട കേന്ദ്രങ്ങളിൽ നിന്നും അവയൊക്കെ വ്യത്യസ്തമായ രൂപങ്ങളിലും പുതിയ കർത്തവ്യങ്ങളുമായി വിദൂരങ്ങളിലേക്ക് വ്യാപിച്ചു. അങ്ങനെ മനുഷ്യർ കാവ്യങ്ങളും ചരിത്ര പുസ്തകങ്ങളും പ്രണയങ്ങളും നാടകങ്ങളും പ്രചചനങ്ങളും എഴുതാൻ തുടങ്ങി. അപ്പോഴും ഭാഗിക ലിപികൾ തന്നെയാണ് ഗണിതത്തിനു വേണ്ടിയുപയോഗിച്ചത്.

ബെെബിളും ഇലിയഡും മഹാഭാരതവും ആരംഭ കാലത്ത് വാമൊഴിയായാണ് നില കൊണ്ടത്‌. തലമുറകളോളം അവ വാമൊഴിയായി കെെമാറ്റം ചെയ്യപ്പെട്ടു. എഴുത്തു വിദ്യ കണ്ടെത്തിയിരുന്നില്ലെങ്കിൽ പോലും ഇന്നും അവ അതെ രീതിയിൽ നിലനിൽക്കുമായിരുന്നു.

കൂടുതൽ കൂടുതൽ കാര്യങ്ങൾ എഴുതി വെയ്ക്കപ്പെടുകയും ഭരണപരമായ വിവര ശേഖരങ്ങൾ വലിയ അളവിൽ വർദ്ധിക്കുകയും ചെയ്തപ്പോൾ പുതിയ പ്രശ്നം ഉടലെടുത്തു. ഒരു മനുഷ്യൻറ തലച്ചച്ചോറിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ എടുത്തുപയോഗിക്കാൻ എളുപ്പമാണ്‌. പക്ഷേ, ആയിരക്കണക്കിനു മൺഫലകങ്ങളിലും മറ്റും എഴുതി വെച്ച വിവരങ്ങൾ നിങ്ങളെങ്ങനെ എളുപ്പത്തിൽ എടുത്തുപയോഗിക്കും?

അതിനു പോംവഴി കണ്ടെത്തുന്നത് എഴുത്തു വിദ്യ കണ്ടെത്തിയതിനെക്കാളും പ്രയാസകരമായ സംഗതിയായിരുന്നു. വിദൂരസ്ഥങ്ങളായ വ്യത്യസ്ത സംസ്കാരങ്ങളിൽ മിക്കവാറും സ്വതന്ത്രമായാണ് പല വിധത്തിലുള്ള എഴുത്തു ലിപികൾ വികസിച്ചു വന്നത്. ഓരോ ദശാബ്ദത്തിലും പുരാവസ്തു ഗവേഷകർ അജ്ഞാതമായിക്കിടന്ന ചില ലിപികൾ കണ്ടെടുക്കുന്നു. പക്ഷെ മിക്കതിലും, കണ്ടെത്തിയവർ ഫലപ്രദമായി അതിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടു. എഴുതപ്പെട്ട രേഖകൾ വീണ്ടെടുത്തുപയോഗിക്കുന്നതിന് അനന്യമായ ചില വിദ്യകൾ കണ്ടെത്തിയെന്നതാണ് സുമേറിയക്കാരെയും ഫരൊനിക് ഈജിപ്തുകാരെയും പുരാതന ചെെനക്കാരെയും ഇൻക സാമ്രാജ്യത്തെയും വ്യത്യസ്തമാക്കുന്നത്.

അക്കങ്ങളുടെ ഭാഷ

നൂറ്റാണ്ടുകൾ പിന്നിടും തോറും വിവര ശേഖരണവും വിനിമയവും മനുഷ്യൻ സ്വാഭാവികമായും കരുതിയതിലേറെ പ്രാധാന്യമുള്ള അവസ്ഥയിലേക്ക് വളർന്നു. ഏകദേശം എ.ഡി. ഒമ്പതാം നൂറ്റാണ്ടിനു മുമ്പ് ഗണിത വിവര ശേഖരണത്തിനും വിനിമയത്തിനും ഏറെ ഫലപ്രദമായൊരു ഭാഗിക ലിപി കണ്ടു പിടിച്ചത് വലിയ വഴിത്തിരിവുണ്ടാക്കി. 0 മുതൽ 9 വരെയുള്ള അക്കങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളായിരുന്നു അവ.

സിന്ധു നദീതട സംസ്കാരത്തിൽ രൂപപ്പെട്ടതാണെങ്കിലും അറബി അക്കങ്ങൾ എന്നാണിവയെ വിളിക്കുന്നത്‌ (പാശ്ചാത്യരിൽ നിന്നും തീർത്തും വിഭിന്നമാരൊരു തരം അക്കങ്ങളാണ്  അറബികൾ ഇന്നുപയോഗിക്കുന്നതെന്നാണ് രസകരമായ വസ്തുത). ഭാരതത്തിലെത്തിയ അറബികൾ അവയുടെ ഉപയോഗം മനസ്സിലാക്കി ചില മാറ്റങ്ങളോടെ (refine) ഉപയോഗിക്കുകയും അവരിൽ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങളിലും പിന്നെ യൂറോപ്പിലേക്കും പ്രചരിക്കുകയും ചെയ്തതു കൊണ്ടാണ് അറബികളുമായി അവയെ ചേർത്തുപറയുന്നത്. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനുമുള്ള ചിഹ്നങ്ങളടക്കമുള്ള പലതരം ചിഹ്നങ്ങൾ കൂടി ചേർക്കപ്പെട്ടതോടെ ആധുനിക ഗണിത സൂചകങ്ങൾ നിലവിൽ വന്നു. ഭാഗിക ലിപികളാണെങ്കിലും ക്രമേണ ലോകത്ത് മേധാവിത്തം പുലർത്തുന്ന ഭാഷയായി മാറിയത്‌.

കൂടുതൽ വിപ്ളവകരമായൊരു എഴുത്തു രീതിയായി അടുത്തകാലത്ത് ഗണിത ലിപിയുടെ പുതിയ ഉപയോഗം ഉയർന്നുവന്നു. 0, 1 എന്നിങ്ങനെ രണ്ടു ചിഹ്നങ്ങൾ (binary) മാത്രം ഉപയോഗിച്ചു കൊണ്ടാണ് കമ്പ്യൂട്ടറുകൾ വിവരങ്ങൾ വിനിമയം ചെയ്യുന്നത്.

മനുഷ്യബോധത്തിൻറ വേലക്കാരിയായി ജന്മംകൊണ്ട എഴുത്ത് വിദ്യ ക്രമേണ മനുഷ്യരുടെ യജമാനനായി വളരുകയാണ്. ഹോമോസാപിയൻസ് പറയുന്നതും വികാരം കൊള്ളുന്നതും സ്വപ്നം കാണുന്നതും മനസ്സിലാക്കാൻ കമ്പ്യൂട്ടറുകൾക്ക് പ്രയാസമാണ്‌. ഫലമോ, ഇന്ന് കമ്പ്യൂട്ടറുകൾക്കു മനസ്സിലാകുന്നരീതിയിൽ സംസാരിക്കാനം വികാരം കൊള്ളാനും സ്വപ്നം കാണാനും നമ്മൾ ഹോമോസാപിയൻസിനെ പഠിപ്പിക്കുകയാണ്.

ഇത് കഥയുടെ അവസാനമല്ല. ബെെനറി സ്ക്രിപ്റ്റ് മാത്രമുപയോഗിച്ച് കൃത്രിമ ബുദ്ധി (Artificial Intelligence) പുതിയൊരു തരം ബുദ്ധി സൃഷ്ടിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. അത് മനുഷ്യകുലത്തിൻറ നിയന്ത്രണം നഷ്ടപ്പെടുത്തുന്നൊരു കാലത്തെക്കുറിച്ച്  'The Matrix' പോലുള്ള സയൻസ് ഫിക്ഷൻ സിനിമകൾ പയുന്നുണ്ട്. നിയന്ത്രണം വീണ്ടെടുക്കാൻ മനുഷ്യൻ ശ്രമിക്കുന്തോറും  മനുഷ്യവർഗ്ഗത്തെത്തന്നെ തുടച്ചു നീക്കാൻ ശ്രമിച്ചു കൊണ്ടാണ് കലാപകാരികളായി മാറിയ ലിപി പ്രതികരിക്കുന്നത്.

ചരിത്രത്തിൽ നീതിയില്ല

കാർഷിക വിപ്ളവത്തെത്തുടർന്നുള്ള സഹസ്രാബ്ദത്തിലെ മനുഷ്യ ചരിത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ  ഉയർന്നുവരുന്ന വലിയൊരു ചോദ്യമുണ്ട്. വലിയ ആൾക്കൂട്ടങ്ങളെ സഹകരണ മനോഭാവത്തോടെ ബന്ധിപ്പിക്കാനും നിലനിർത്താനുമുള്ള സഹജവാസന ജെെവശാസ്ത്രപരമായി മനുഷ്യനില്ലെന്നിരിക്കെ മനഷ്യനെങ്ങനെ അത് സാധിച്ചു? മനുഷ്യൻ സാങ്കൽപിക ക്രമങ്ങളുണ്ടാക്കുകയും ലിപി കണ്ടുപിടിക്കുകയും ചെയ്തത് കൊണ്ട് എന്നാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിലുള്ള ഉത്തരം. ഈ രണ്ടു കണ്ടുപിടുത്തങ്ങളാണ് ജെെവപിന്തുടർച്ചയിൽ വന്ന വിടവിനെ നികത്തിയത്.

പക്ഷേ, ഈ സഹകരണ ശൃംഖലകൾ പലരെ സംബന്ധിച്ചും സംശയാസ്പദമായിരുന്നു. ഈ ശൃംഖലകൾ നിലനിർത്തുന്ന സാങ്കൽപിക ക്രമങ്ങൾ അത്ര നിഷ്പക്ഷമോ ന്യായയുക്തമോ ആയിരുന്നില്ല. ഒരു അധികാരശ്രേണിയിൽ വിശ്വസിപ്പിക്കുന്ന ഗ്രൂപ്പുകളായി അവ മനുഷ്യരുടെ ഇടയിൽ വിഭജനങ്ങളുണ്ടാക്കി. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവർ പ്രത്യേകാവകാശങ്ങൾ ആസ്വദിച്ചപ്പോൾ താഴെത്തട്ടിലുള്ളവർ അടിച്ചമർത്തലും വിവേചനവും സഹിച്ചു. 1776 -ൽ മനുഷ്യരെല്ലാം തുല്ല്യരാണെന്നു പ്രഖ്യാപിച്ച അമേരിക്കക്കാർ അതേസമയം തന്നെ ഒരധികാരശ്രേണി നില നിർത്തി. സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിലും കറുത്തവരുടെയും വെള്ളക്കാരുടെയും ഇടയിലും അവർ ഈ അധികാര ശ്രേണി പ്രയോഗവൽക്കരിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചവരിൽ പലരും തന്നെയും അടിമകളെ നിലനിർത്തുന്നവരായിരുന്നു. ഒപ്പുവെച്ചു എന്നതുകൊണ്ട് അവരാരും തങ്ങളുടെ അടിമകളെ മോചിപ്പിക്കുകയോ അതൊരു കാപട്യമായി  കരുതുകയോ ചെയ്തില്ല. അവരുടെ കാഴ്ചപ്പാടിൽ മനുഷ്യരുടെ അവകാശങ്ങൾ എന്നു പറയുമ്പോൾ നീഗ്രോകൾ ആ പരിധിയിൽ വരുമായിരുന്നില്ല. അക്കാലത്ത് ജീവിച്ചിരുന്ന മിക്ക അമേരിക്കക്കാരും, സമ്പന്നരായ മാതാപിതാക്കൾ മക്കളിലുപേക്ഷിച്ചു പോകുന്ന വലിയസമ്പത്ത് സമൂഹത്തിലുണ്ടാക്കുന്ന അസമത്വത്തെക്കുറിച്ച് അസ്വസ്ഥരായിരുന്നില്ല. കാരണം സമ്പന്നനും ദരിദ്രനും ഒരേ നിയമങ്ങൾ ബാധകമാവുക എന്നു മാത്രമാണവർ സമത്വം കൊണ്ടർത്ഥമാക്കിയത്. സ്വാതന്ത്ര്യം എന്ന വാക്കിനുപോലും ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ സൂചിതാർത്ഥമാണന്നുണ്ടായിരുന്നത്. സമൂഹത്തിലെ ബലഹീനർക്ക് അധികാരം നേടുകയോ പ്രയോഗിക്കുകയോ ചെയ്യാം എന്നൊന്നും അവരർത്ഥമാക്കിയില്ല. കൂടിപ്പോയാൽ, അസാധാരണ സാഹചര്യങ്ങളിലൊഴികെ പൗരൻറ സ്വത്ത് കണ്ടുകെട്ടുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്യില്ല എന്നുമാത്രമാണവർ അർത്ഥമാക്കിയത്. അങ്ങനെ അമേരിക്കൻ ക്രമം, ചിലർ ദെെവനിയുക്തമെന്നോ മറ്റു ചിലർ മാറ്റാനാവാത്ത പ്രകൃതിനിയമമെന്നോ കരുതിയ സമ്പന്നരുടെ ഒരധികാശ്രേണിയെ ഉയർത്തിപ്പിടിച്ചു.
ഏത് സാങ്കൽപിക അധികാരശ്രേണിയും അത് ഭാവനാസൃഷ്ടിയാണെന്നതിനെ നിരാകരിച്ച് പകരം പ്രകൃതിപരവും അനിവാര്യവുമാണെന്നു വാദിക്കുന്നത് ചരിത്രത്തിലെ അഭേദ്യമായൊരു നിയമമാണ്. ഹമ്മുറാബി അതിനെ ദെെവപ്രോക്തമായി കണ്ടപ്പോൽ അടിമകൾക്ക് ഒരു അടിമത്ത പ്രകൃതിയും സ്വതന്ത്രർക്ക് ഒരു സ്വതന്ത്ര പ്രകൃതിയുമാണുള്ളതെന്നും സമൂഹത്തിലെ നില അവരുടെ ജന്മപ്രകൃതത്തിൻറ പ്രതിഫലനം മാത്രമാണെന്നുമാണ് അരിസ്റ്റോട്ടിൽ വാദിച്ചത്.

പ്രപഞ്ച ശക്തികളാണ് ജാതിവ്യവസ്ഥയിൽ ഒരു ജാതിയെ മറ്റൊന്നിൽ നിന്നും ഉന്നതസ്ഥാനീയമാക്കിയതെന്നാണ് ജാതിവ്യവസ്ഥയെ മുറുകെപ്പിടിക്കുന്ന ഹിന്ദുക്കൾ വിശ്വസിക്കുന്നത്. സൃഷ്ടിപ്പിനെ സംബന്ധിച്ച ഒരു ഹെെന്ദവ മിത്ത് പ്രകാരം പ്രാപഞ്ചികമായൊരു ആദിമ ഉണ്മയിൽ നിന്നാണ് ദെെവങ്ങൾ ലോകത്തെ രൂപപ്പെടുത്തിയത്‌. അത് പ്രകാരം ബ്രഹ്മാവിൻറ കണ്ണിൽ നിന്ന് സൂര്യനും ബ്രെയിനിൽ നിന്ന് ചന്ദ്രനും  വായയിൽ നിന്നും ബ്രാഹ്മണനും കെെകളിൽ നിന്ന് ക്ഷത്രിയനും തുടകളിൽ നിന്ന് വെെശ്യനും പാദങ്ങളിൽ നിന്ന് ശൂദ്രനുമുണ്ടായി. ബ്രാഹ്മണൻറയും ശൂദ്രൻറയും ഇടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ വേർതിരിവുകൾ സൂര്യ-ചന്ദ്രൻമാർക്കിടയിലേതെന്നതുപൊലെ പ്രകൃതിപരവും അനശ്വരവുമാണെന്നു വിശദീകരിക്കപ്പെട്ടു. പുരാതന ചെെനക്കാരുടെ വിശ്വാസ പ്രകാരം 'നുവാ' ദേവത മഞ്ഞ നിറമുള്ള മണ്ണിൽനിന്നും പ്രഭുക്കളെ പരുവപ്പെടുത്തിയപ്പോൾ ഇരുണ്ട നിറമുള്ള മണ്ണിൽ നിന്നാണ് സാധാരണക്കാരെ പരുവപ്പെടുത്തിയത്.

ഈ അധികാരശ്രേണികളെല്ലാം മനുഷ്യഭാവനയുടെ നിർമിതികളായിരുന്നു. ഏകദേശം 3000 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൻറ ഉത്തരദേശത്ത് രൂപം കൊണ്ടതാണ് ജാതിവ്യവസ്ഥ. മനുഷ്യനിർമിത നിയമങ്ങളും ചട്ടങ്ങളുമാണ് ചിലരെ അടിമകളും മറ്റു ചിലരെ യജമാനന്മാരുമാക്കി മാറ്റിയത്.

തങ്ങളുടെ സമൂഹത്തിലെ അധികാരശ്രേണി ന്യായയുക്തവും പ്രകൃതിപരവുമാണെന്നും മറ്റുള്ളവരുടേത് അന്യായവും പരിഹാസ്യവുമാണെന്നുമാണ് മിക്കവരും കരുതുന്നത്. ആധുനിക പാശ്ചാത്യർ വംശീയതയിലധിഷ്ഠിമായ അധികാരശ്രേണിയെ കളിയാക്കിച്ചിരിക്കും. കറുത്ത വർഗ്ഗക്കാർ വെള്ളക്കാരുടെ അയൽപക്കങ്ങളിൽ താമസിക്കുന്നതിനോ, സ്കൂളിൽ പഠിക്കുന്നതിനോ, ആശുപത്രിയിൽ ചികിൽസിക്കുന്നതിനെയോ നിയമം മൂലം നിരോധിക്കുന്നത് അവർക്കുൾക്കൊള്ളാൻ സാധിക്കില്ല. പക്ഷെ, ധനാഢ്യൻമാർ സമ്പന്ന ഇടങ്ങളിൽ വേറിട്ടു ജീവിക്കുന്നതിലോ സമ്പന്നരുടെ സ്കൂളുകളിൽ മാത്രം പഠിക്കുന്നതിലോ വലിയ സജ്ജീകരണങ്ങളുള്ള ആശുപത്രികളിൽ മാത്രം ചികിൽസ തേടുന്നതിലോ ഒട്ടുമിക്ക അമേരിക്കക്കാർക്കും അസ്വാഭാവികതയേതും തോന്നുന്നില്ല. അതെ, മിക്ക ധനികരും ധനികരായതും ദരിദ്രർ ദരിദ്രരായതും അവർ ജനിച്ച കുടുംബ പശ്ചാത്തലമാണ് നിശ്ചയിച്ചെന്നത് തെളിയിക്കപ്പെട്ടൊരു യാഥാർത്ഥ്യമാണ്. സാമൂഹികമായ വ്യതിരിക്തതകളുണ്ടാക്കുന്നതിൽ പ്രകൃതിപരമായ കഴിവുകൾക്ക് തീർച്ചയായും വലിയ പങ്കുണ്ട്‌. പക്ഷെ, ജന്മനാ പ്രത്യേക കഴിവുകളുള്ള ഒരു വ്യക്തിയാണെങ്കിലും ആ കഴിവുകൾ പരിപോഷിപ്പിക്കാനും വളർത്തിക്കൊണ്ടുവരുവാനുമുള്ള അവസരം ലഭിക്കേണ്ടതുണ്ട്. അതിനോ സമൂഹത്തിലെ അവൻറ നിലയുമായി വലിയ ബന്ധവുമുണ്ട്.

നിന്ദിതരുടെ ലോകം

എല്ലാ സമൂഹങ്ങളുടെയും അടിസ്ഥാനം സാങ്കൽപികമായ അധികാരശ്രേണിയാണെങ്കിലും അവയെല്ലാം ഒരുപോലെയല്ല. എന്തു കൊണ്ടാണ് പാരമ്പര്യ ഇന്ത്യൻ സമൂഹം ജാതിയുടെ പേരിലും, ഓട്ടൊമൻ സമൂഹം മതത്തിൻറ പേരിലും, അമേരിക്കൻ സമൂഹം വംശത്തിൻറ പേരിലും വർഗ്ഗീകരിക്കപ്പെട്ടത്? മിക്ക സംഭവങ്ങളിലും ആകസ്മികമായ ചില ചരിത്രസാഹചര്യങ്ങളിൽ രൂപപ്പെട്ട അധികാരശ്രേണികൾ സ്ഥാപിത താൽപര്യക്കാരുടെ കൂട്ടിച്ചേർക്കലുകളോടു കൂടി തലമുറകൾ പിന്നിട്ട് സമൂഹത്തിൽ ചിരപ്രതിഷ്ഠ നേടുകയാണുണ്ടായത്‌. ഉദാഹരണത്തിന് 3000 വർഷങ്ങൾക്കു മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദിമനിവാസികളെ കീഴ്പ്പെടുത്തിക്കൊണ്ട് ഇന്തോ-ആര്യൻമാർ അധിനിവേശം നടത്തിയപ്പോൾ അവരുണ്ടാക്കിയതാണ് ഇന്ത്യൻ ജാതിവ്യവസ്ഥ എന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. അവർ സമൂഹത്തിൻറ ഉന്നതസ്ഥാനത്തും പ്രദേശവാസികൾ അടിമകളും വേലക്കാരുമായി വരുന്ന വിധത്തിൽ അവർ സമൂഹത്തിൽ വിവിധ തട്ടുകളുണ്ടാക്കി. തങ്ങൾ നേടിയെടുത്ത സവിശേഷ സ്ഥാനം നഷ്ടപ്പടുമോ എന്ന  എണ്ണത്തിൽ കുറവായ അധിനിവേശക്കാരുടെ ഭയത്തിൽ നിന്നാണ് വാസ്തവത്തിൽ അവരീ ഏർപ്പാടുണ്ടാക്കിയത്. അത് പ്രകാരം ഓരോ ജാതിക്കും പ്രത്യേക തൊഴിലും സമൂഹത്തിൽ പ്രത്യേകസ്ഥാനവും നിർണ്ണയിച്ചു. കൂടാതെ ഓരോ ജാതിക്കും പ്രത്യേക നിയമങ്ങളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ചു. വിവിധ ജാതികൾ ഇടകലരുന്നതും വിവാഹവും, എന്തിന് ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതു പോലും നിരോധിച്ചു. ക്രമേണ അവ മതപുരാവൃത്തങ്ങളുടെ പിന്തുടർച്ചയും അനിഷേധ്യമായ ആചാരക്രമവുമായി മാറി.

ഒരു ചരിത്രസന്ധിയിൽ രൂപപ്പെട്ടു എന്നതിനെക്കാൾ പ്രകൃതിപരവും പ്രാപഞ്ചികവുമായൊരു യാഥാർത്ഥ്യമാണ് ജാതിവ്യവസ്ഥ എന്നാണ് അതിനെ പിന്തുണക്കുന്നവർ വാദിച്ചത്‌. ശുദ്ധാശുദ്ധ സങ്കൽപങ്ങൾ ഹിന്ദുമതത്തിൽ പ്രധാന ഘടകമാണ്‌. വ്യത്യസ്ത ജാതിയുമായി ഇടകലരുക വഴി വ്യക്തി മാത്രമല്ല പ്രത്യുത ഒരു സമൂഹം മൊത്തത്തിൽ അശുദ്ധമാവുകയാണ് ചെയ്യുന്നതെന്ന് ഭക്തരായ ഹിന്ദുക്കളെ ഉദ്ബോധിപ്പിച്ചു.

ആ സിദ്ധാന്തം ഹിന്ദുക്കളിൽ മാത്രം പരിമിതമായ ഒന്നല്ല. ചരിത്രത്തിലുടനീളം ഒട്ടുമിക്ക സമൂഹങ്ങളിലും കീഴാള ജനതയെ ചൂഷണം ചെയ്ത് തങ്ങളുടെ സവിശേഷാധികാരങ്ങളെ ഉറപ്പിക്കാൻ വരേണ്യർ എന്നും ശുദ്ധ-മലിന വാദങ്ങൾ കൊണ്ടുവന്നിട്ടുണ്ട്‌. പക്ഷെ, ഹിന്ദു ജാതിവ്യവസ്ഥയും അതുണ്ടാക്കിയ ഉച്ചനീചത്വവും സമൂഹത്തിൽ ആഴത്തിൽ വേരോടി. ഇന്തോ-ആര്യൻ അധിനിവേശം കഴിഞ്ഞു ദീർഘമായ കാലത്തിന് ശേഷവും ഇന്ത്യക്കാർ ജാതിവ്യവസ്ഥയിൽ വിശ്വസിക്കുകയും ജാതികൾ ഇടകലരുന്നതിനെ പേടിയോടെ കാണുകയും ചെയ്തു.

കാലക്രമേണ നാലു പ്രധാനജാതികളിൽ നിന്നും മുവായിരം ഉപജാതികളുണ്ടായി. പക്ഷെ ഈ പുനരുൽപാദനപരമായ വർദ്ധനവൊന്നും ജാതിയുടെ ആന്തരഘടനയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയില്ല. ഒരാളുടെ ജാതി അയാളുടെ തൊഴിലും ഭക്ഷണവും താമസസ്ഥലവും ജീവിതപങ്കാളിയെയും തീരുമാനിച്ചു.  ഒരു ജാതിയിലും പെടാത്തവർ ജാതിഘടനയുടെ പുറത്തായി. അവർ തൊട്ടുകൂടാത്തവരായി. അവർക്ക് മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് കഷ്ടതകളും അപമാനവുമായി നീചകർമ്മങ്ങൾ ചെയ്തു ജീവിക്കേണ്ടി വന്നു. ജാതികൾ ഇടകലർന്നതു കൊണ്ട് ഒന്നും മലിനപ്പെടാനില്ലെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്താനും ഇത്തരം വിഭജനങ്ങളെ അതിലംഘിക്കാനും ആധുനിക ഇന്ത്യൻ ഭരണാധികാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നും വിവാഹങ്ങളിലും തൊഴിലിലും ജാതി സ്വാധീനം ഏറെ പ്രകടമാണ്‌.

അമേരിക്കയിലെ വംശീയത

ഇന്ത്യൻ അവസ്ഥയ്ക്കു ഏറെക്കുറെ സമാനമായൊരു വംശീയ അധികാര ശ്രേണി അമേരിക്കയിലും സ്ഥിരപ്രതിഷ്ഠ നേടി. പതിനാറു മുതൽ പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ യൂറോപ്യൻ അധിനിവേശക്കാർ ലക്ഷക്കണക്കിനു ആഫിക്കൻ വംശജരെ മെെനുകളിലും തോട്ടങ്ങളിലും പണിയെടുപ്പിക്കുന്നതിനു വേണ്ടി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തു. യൂറോപിൽ നിന്നോ കിഴക്കനേഷ്യയിൽ നിന്നോ കൊണ്ടുവരുന്നതിനു പകരം അടിമകളെ ആഫ്രിക്കയിൽ നിന്നും കൊണ്ടുവരാൻ മൂന്നു സാഹചര്യഘടകങ്ങളുണ്ടായിരുന്നു.

ഒന്നാമതായി ആഫ്രിക്ക കൂടുതൽ അടുത്തായതു കൊണ്ട് വിയറ്റ്നാമിൽ നിന്നോ സെനഗലിൽ നിന്നോ കൊണ്ടുവരുന്നതിനെക്കാൾ ചെലവ് കുറവായിരുന്നു.

രണ്ടാമത്, മധ്യപൗരസ്ത്യ ദേശങ്ങളിലെക്ക് അടിമകളെ കയറ്റിയയക്കുന്ന അടിമക്കച്ചവടം ആഫിക്കയിൽ സജീവമായിരുന്നു. അതേസമയം യൂറോപ്പിൽ അതപൂർവ്വമായിരുന്നു.

മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായി, വെർജീനിയ, ഹെയ്തി, ബ്രസീലിയ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളിൽ പ്ളേഗ്, മലേറിയ, മഞ്ഞപിത്തം മുതലായ പകർച്ചവ്യാധികൾ നിലനിന്നിരുന്നു. ഈ രോഗങ്ങളുടെയൊക്കെ ഉദ്ഭവം ആഫ്രിക്കൻ മണ്ണിൽനിന്നായതു കൊണ്ട് സ്വാഭാവികമായും അവിടത്തെ ജനങ്ങൾ ഭാഗികമായ പ്രതിരോധശേഷി നേടിയിരുന്നു. യൂറോപ്യൻമാരാകട്ടെ ഈ രോഗങ്ങൾ ബാധിച്ചാൽ പ്രതിരോധിക്കാനാവാതെ മരിച്ചു വീണു. സ്വാഭാവികമായും പണം മുടക്കുന്ന തോട്ടം മുതലാളിമാർ നഷ്ടസാധ്യത ഒഴിവാക്കാൻ ആഫ്രിക്കാരെ തിരഞ്ഞെടുത്തു. വിരോധാഭാസമെന്നു പറയട്ടെ, ജനിതക ശ്രേഷ്ഠത (പ്രതിരോധത്തിൽ) സാമൂഹികതലത്തിലേക്കു വന്നപ്പോൾ ശീർഷാസനം ചെയ്തു, ആഫ്രിക്കക്കാരൻ അടിമയായി. ഫലമോ, വളർന്നുവരുന്ന അമേരിക്കൻ സമൂഹം വെള്ളക്കാരായ ഭരണാധികാരികളും കീഴടക്കപ്പെട്ട കറുത്തവരുമായി വിഭജിക്കപ്പെട്ടു. ഈ വിഭജനത്തെ ന്യായീകരിക്കാൻ മതപരവും ശാസ്ത്രീയവുമായ മിത്തുകൾ നിർമിക്കപ്പെട്ടു. മക്കൾ അടിമകളാവട്ടെ എന്ന നൂഹിൻറ ശാപത്തിനു വിധേയനായ മകൻ ഹാമിൻറ പിന്തുടർച്ചക്കാരാണ് ആഫ്രിക്കൻ വംശജരെന്ന് ദെെവശാസ്ത്രജ്ഞർ ഭാഷ്യം ചമയ്ച്ചു.

വെള്ളക്കാരെ അപേക്ഷിച്ച് കറുത്തവർഗ്ഗക്കാർ ബുദ്ധിപരമായി പിറകിലാണെന്നും ശരിയും തെറ്റും തിരിച്ചറിയാനുള്ള അവരുടെ ശേഷി അവികസിതമാണെന്നും ജീവശാസ്ത്രജ്ഞർ വാദിച്ചു. കറുത്തവർ മാലിന്യങ്ങളിൽ കിടന്നു വളരുന്നതിനാൽ രോഗം പരത്തുന്നു എന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി. ഈ മിത്തുകൾ അമേരിക്കൻ സംസ്കാരത്തിലും യൂറോപ്യൻ സംസ്കാരത്തിലും ഒരു സ്വരെെക്യമുണ്ടാക്കി. അടിമത്തം രൂപപ്പെട്ട സാമൂഹ്യസാഹചര്യം മാറി ബഹുദൂരം പിന്നിട്ടിട്ടും അതിൻറ സ്വാധീനം വിട്ടുമാറിയില്ല.

കറുത്തവർ ബുദ്ധികുറഞ്ഞവരും അക്രമാസക്തരും ലെെംഗികമായി സദാചാരമില്ലാത്തവരും മടിയരും വൃത്തിയില്ലാത്തവരുമായൊരു വർഗ്ഗമാണെന്ന പൊതുബോധം അമേരിക്കൻ സമൂഹത്തിൽ നിലനിന്നു. ഇതൊക്കെ യാഥാർത്ഥ്യമെന്നതിനെക്കാൾ ചില മിത്തുകളല്ലേയെന്നും അവരും വെള്ളക്കാരെപ്പോലെ കഴിവുള്ളവരും നിയമങ്ങളെ മാനിക്കുന്നവരും വൃത്തിയുള്ളവരുമാണെന്ന് സമയം പിന്നിടുമ്പോൾ ആളുകൾ ക്രമേണ മനസ്സിലാക്കില്ലേ എന്നും ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. നിർഭാഗ്യകരമെന്നു പറയട്ടെ, നേരെ മറിച്ചാണു സംഭവിച്ചത്. മുൻവിധികൾ കൂടുതൽ രൂഢമൂലമാവുകയാണുണ്ടായത്. ഒരു ശരാശരി വെള്ളക്കാരൻ ഇങ്ങനെയാണു പറഞ്ഞത് - ''നോക്കൂ..ഇപ്പോൾ തലമുറകളായി കറുത്തവർഗ്ഗക്കാർ സ്വതന്ത്രരാണല്ലോ. എന്നിട്ടും അവരിൽ പ്രഫസർമാരും വക്കീലൻമാരും ഡോക്ടർമാരും തുലോം വിരളമാണെന്നത് അവർ കഠിനാധ്വാനികളല്ലെന്നും ബുദ്ധിപരമായി പിറകിൽ തന്നെയാണെന്നുമല്ലെ തെളിയിക്കുന്നത്?''

ഒരു കറുത്തവർഗ്ഗക്കാരനും വെളുത്ത വർഗ്ഗക്കാരിയും തമ്മിൽ വിവാഹം ചെയ്യുകയൊ ലെെംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്യുന്നതോളം ജുഗുപ്സയുളവാക്കുന്ന വേറൊരുകാര്യം അമേരിക്കയിലെ തെക്കൻ സ്റ്റേറ്റുകാർക്കുണ്ടായിരുന്നില്ല (പല വടക്കൻമാർക്കും). രണ്ടു വർഗ്ഗങ്ങൾക്കുമിടയിൽ സംഭവിക്കുന്ന (സംശയിക്കുന്നതോ) ലെെംഗികത, ആൾക്കൂട്ട കൊലപാതകത്തിൻറ രീതിയിൽ പെട്ടെന്നു ശിക്ഷ ലഭിക്കേണ്ട തെറ്റായാണ് അവർ കണ്ടത്‌. Ku Klux Klan എന്ന പേരിലുള്ള രഹസ്യ വംശീയ സംഘടന അത്തരം ധാരാളം കൊലപാതകങ്ങൾ നടപ്പിലാക്കുകയും ചെയ്തു. വംശശുദ്ധിയുടെ നിയമങ്ങളെക്കുറിച്ച് ഹിന്ദു ബ്രാഹ്മണർക്ക് ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ അവർക്കു കഴിയുമായിരുന്നു.

കാലക്രമത്തിൽ വംശീയത കൂടുതൽ കൂടുതൽ സാംസ്കാരിക വ്യാപ്തിയിലേക്ക് വളർന്നു. വെള്ളക്കാരൻറ സങ്കൽപത്തിനനുസരിച്ചാണ് അമേരിക്കൻ സംസ്കാരത്തിൻറ സൗന്ദര്യശാസ്ത്രം പോലും രൂപം പ്രാപിച്ചത്.

ചില മിത്തുകളുടെ പിൻബലത്തിൽ സമൂഹത്തിൽ ശാശ്വതവൽക്കരിക്കപ്പെട്ട സാമൂഹിക-രാഷ്ട്രീയ അധികാരശ്രേണികൾക്ക് ജീവശാസ്ത്രപരമോ യുക്തിഭദ്രമോ ആയ പിൻബലമേതുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ചരിത്രം പഠിക്കേണ്ടതിൻറ പ്രസക്തി ഇവിടെയാണ് ബോധ്യപ്പെടുക. കറുത്തവൻറയും വെളുത്തവൻറയും, ബ്രാഹ്മണൻറയും ശൂദ്രൻറയും ഇടയിലുള്ള വിഭജനം ജീവശാസ്ത്രപരമായ അടിസ്ഥാനങ്ങളിലായിരുന്നെങ്കിൽ മനുഷ്യസമൂഹത്തെ മനസ്സിലാക്കാൻ ജീവശാസ്ത്രം എന്ന ശാസ്ത്ര ശാഖ തന്നെ ധാരാളമായിരുന്നു. അമേരിക്കൻ സമൂഹത്തിൻറ വംശീയ ബലതന്ത്രത്തെയോ  ഇന്ത്യൻ സമൂഹത്തിലെ ജാതിസങ്കീർണ്ണതയെയോ വിശദീകരിക്കാൻ ജീവശാസ്ത്രത്തിനു കഴിയില്ല. ഭാവനയിൽ വിരിഞ്ഞ കള്ളക്കഥകളെ യാഥാർത്ഥ്യമെന്ന വണ്ണം സാമൂഹിക ഘടനയിലേക്കു കൊണ്ടുവന്ന അധികാരബന്ധങ്ങളെയും, സംഭവങ്ങളെയും സാഹചര്യങ്ങളെയും നിർദ്ധാരണം ചെയ്തുകൊണ്ടു മാത്രമെ അത് സാധ്യമാവുകയുള്ളൂ.

അവനും അവളും

വ്യത്യസ്ത സമൂഹങ്ങൾ വിവിധങ്ങളായ സാങ്കൽപിക അധികാരശ്രേണികളെയാണ് പിന്തുടരുന്നത്. വംശീയബോധം ആധുനിക അമേരിക്കക്കാർക്കിടയിൽ അന്തർലീനമാണെങ്കിൽ മധ്യകാല മുസ്ലിങ്ങളുടെ ഇടയിൽ അത്തരമൊരു ദുരാചാരം താരതമ്യേന കുറവായിരുന്നു. മധ്യകാല ഇന്ത്യയിൽ ഒരാളുടെ ജീവിതത്തെയും മരണത്തെയും ചൂഴ്ന്നുനിൽക്കുന്ന ഘടകമായിരുന്നു ജാതിയെങ്കിൽ ആധുനിക യൂറോപ്പിൽ പ്രായോഗിക തലത്തിൽ അങ്ങനെയൊരു സംഗതി നിലവിലില്ല. എന്നാൽ എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും പ്രാധാന്യത്തോടെ നിലനിന്നൊരു അധികാരശ്രേണിയുണ്ട് - ലിംഗഭേദത്തിൻറ അധികാരശ്രേണി (hierarchy of gender). എല്ലാ സമൂഹങ്ങളിലും മനുഷ്യർ ആണും പെണ്ണുമായി സ്വയം വേർതിരിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലായിടങ്ങളിലും മേൽക്കോയ്മ ആണിനുതന്നെ; ഏറ്റവും ചുരുങ്ങിയത് കാർഷികവിപ്ളവത്തിനു ശേഷമെങ്കിലും. മിക്ക സമൂഹങ്ങളിലും സ്ത്രീ, പുരുഷൻറ സ്വകാര്യസ്വത്തായിരുന്നു (പിതാവിൻറയോ ഭർത്താവിൻറയോ സഹോദരൻമാരുടെയോ). പല നിയമസംവിധാനങ്ങളിലും ബലാൽസംഗത്തെ വസ്തുഭേദനമായാണ് കണക്കാക്കിയത്. അഥവാ ബലാൽസംഗത്തിനു വിധേയയായ സ്ത്രീയല്ല പ്രത്യുത അവളുടെ ഉടമയായ പുരുഷനായിരുന്നു നിയമത്തിൻറ കണ്ണിലെ ഇര. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ ഉടമസ്ഥാവകാശം മാറ്റുക എന്നതായിരുന്നു നിയമപരമായ പരിഹാരം. ബലാൽസംഗം ചെയ്യപ്പെട്ടവളുടെ പിതാവിനോ സഹോദരനോ നിശ്ചിത 'സ്ത്രീധനം' നൽകുക. അതോടെ അവൾ അവൻറ സ്വത്തായി.

ബെെബിളിൻറ അനുശാസനം ഇങ്ങനെ : ''വിവാഹവാഗ്ദാനം ചെയ്യപ്പെടാത്ത കന്യകയുമായി ഒരാൾ ശയിക്കുന്നത് കാണപ്പെട്ടാൽ അയാൾ അവളുടെ പിതാവിന്  നൂറ് വെള്ളി ഷകൽ കൊടുക്കുകയും അവളെ ഭാര്യയാക്കുകയും ചെയ്യട്ടെ''. ന്യായയുക്തമായൊരു സംഗതിയായാണ് ജൂതൻമാർ ഇതിനെ കണ്ടത്.

ഒരു പുരുഷൻറയും അധീനതയിലല്ലാത്ത പെണ്ണിനെ ബലാത്കാരം ചെയ്യുന്നത് തെരുവിൽ കിടക്കുന്നൊരു നാണയമെടുക്കുന്നതൊരു കളവായി ഗണിക്കാത്ത അത്രയുംതന്നെ നിസ്സാരമായിരുന്നു. ഭർത്താവ് സ്വന്തം ഭാര്യയെ ബലാത്കാരം ചെയ്യുന്നത് ഒരു കുറ്റമേ ആയിരുന്നില്ല. നിങ്ങളൊരു ഭർത്താവാകുക എന്നു പറയുമ്പോൾ തന്നെ ഭാര്യയുടെ ലെെംഗികതയ്ക്കു മേൽ പരമാധികാരമുള്ളവനാവുക എന്നാണർത്ഥമെന്നിരിക്കെ ഭാര്യയെ ബലാൽസംഗം ചെയ്യുക എന്നുപറയുന്നതിൽ തന്നെയൊരു വിരോധാഭാസമുണ്ട്. ഒരാൾ തൻറ പഴ്സ് തന്നെ മോഷ്ടിച്ചു എന്നു പറയുന്നതു പോലെ. 2006 വരെയും അമ്പത്തിമൂന്ന് രാജ്യങ്ങളിലെങ്കിലും ഭാര്യയെ ബലാൽസംഗം ചെയ്യുന്നവനെ ശിക്ഷിക്കാൻ നിയമമുണ്ടായിരുന്നില്ല. ജർമനിയിൽ പോലും 1997 ലാണ് നിയമഭേദഗതിയിലൂടെ അത് ബലാൽസംഗ പരിധിയിൽ വരുന്നത്.

സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിലുള്ള വേർതിരിവ് ജീവശാസ്ത്രപരമായി ആഴത്തിൽ വേരുകളുള്ള ഒരു പ്രകൃതി പ്രതിഭാസമാണോ അതോ അമേരിക്കയിലെ വർണ്ണവെറി പോലെയോ ഇന്ത്യയിലെ ജാതിവ്യവസ്ഥ പോലെയോ ഭാവനയുടെ സന്തതിയാണോ? ഇനിയത് ഉറപ്പായും ഒരു പ്രകൃതി വിഭജനമാണെങ്കിൽ തന്നെയും ആണിന് പെണ്ണിനെക്കാളും മുൻഗണന നൽകാനുള്ള ജീവശാസ്ത്രപരമായ എന്തെങ്കിലും വിശദീകരണങ്ങളുണ്ടോ? സ്ത്രീക്കും പുരുഷനുമിടയിലെ സാംസ്കാരികവും നിയമപരവും രാഷ്ട്രീയപരവുമായ ചില വ്യതിരിക്തതകൾ  രണ്ടു ലിംഗങ്ങൾക്കിയിലെ പ്രകടമായ ജീവശാസ്ത്ര വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്‌. പുരുഷന് ഗർഭപാത്രമില്ലാത്തത് കൊണ്ട് ഗർഭധാരണം സ്ത്രീയുടെ ജോലി തന്നെയാണ്. പക്ഷെ, എല്ലാ സമൂഹങ്ങളും അനിഷേധ്യമായ ആ സത്യത്തിനൊപ്പം ജീവശാസ്ത്രപരമായ ന്യായീകരണങ്ങളൊന്നുമില്ലാത്ത ഒട്ടനവധി സാംസ്കാരിക ആശയങ്ങളും ചട്ടങ്ങളും ഒന്നിനു മുകളിലൊന്നായി ചേർത്തുവയ്ച്ചു. വിവിധ സമൂഹങ്ങൾ സ്ത്രീത്വത്തിനും പുരുഷത്വത്തിനും ചില സംഗതികൾ ചുമത്തിക്കൊടുത്തു.

ഉദാഹരണത്തിന് ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ജനാധിപത്യ ഏഥൻസിൽ സ്ത്രീ നിയമപരമായി ഒരു സ്വതന്ത്ര വ്യക്തിയായിരുന്നില്ല. ഏഥൻസിലെ രാഷ്ട്രീയ നേതാക്കളുടെയോ പ്രാസംഗികരുടെയോ തത്ത്വചിന്തകരുടെയോ കലാകാരൻമാരുടെയോ കച്ചവടക്കാരുടെയോ കൂട്ടത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നില്ല. ഗർഭപാത്രമുണ്ട് എന്നത്  ഇതിലേതെങ്കിലുമൊന്നിൽ നിന്നും ജീവശാസ്ത്രപരമായി ഒരു വ്യക്തിയെ അയോഗ്യനാക്കുന്ന ഘടകമാണോ? അതെ എന്നായിരുന്നു പുരാതന ഏഥൻസുകാരുടെ മറുപടി. ഇന്ന് സ്ഥിതി ഏറെ മാറിമറിഞ്ഞു. എന്നിട്ടും ഗ്രീക്ക് പാർലമെൻറിൽ പന്ത്രണ്ടു ശതമാനം സ്ത്രീകൾ മാത്രമാണുള്ളത്‌.  രാഷ്ട്രീയത്തിലിടപെടുന്നതിന് അവർക്ക് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നു മാത്രം.

സ്ത്രീകളോട് മാത്രം ലെെംഗിക ആകർഷണം തോന്നുകയും എതിർലിംഗത്തിലുള്ളവരുമായി മാത്രം രതിയിലേർപ്പെടുകയും ചെയ്യുക എന്നതാണ് ശരിയായ പുരുഷത്വത്തിൻറ അടയാളമെന്നാണ് ധാരാളം ഗ്രീക്കുകാർ  ഇന്നും കരുതുന്നത്. സാംസ്കാരികമായ മുൻവിധി എന്നതിനെക്കാൾ ജെെവിക യാഥാർത്ഥ്യം എന്ന നിലയിലാണ് അവരതിനെ കാണുന്നത്. വിരുദ്ധലിംഗത്തിൽ പെട്ടവർ തമ്മിലുള്ള രതി പ്രകൃതിപരവും ഒരേ ലിംഗത്തിൽ പെട്ടവരുടെ രതി പ്രകൃതിവിരുദ്ധവും. എന്നാൽ സ്വവർഗരതിയെ നിയമപരമായി മാത്രമല്ല സൃഷ്ടിപരമായും കണ്ടിട്ടുള്ള ധാരാളം മനുഷ്യസംസ്കാരങ്ങൾ ചരിത്രത്തിലുണ്ട്. പുരാതന ഗ്രീസ് തന്നെയാണ് മികച്ച ഉദാഹരണം.

ജീവശാസ്ത്രപരമെന്നതിനെക്കാൾ സാംസ്കാരികമായ മുർവിധികളാണ് പലപ്പോഴും മനുഷരെ പലതിൽനിന്നും തടയുന്നത്. പ്രകൃതിവിരുദ്ധമായതു കൊണ്ടാണ് അതിനെ വിലയ്ക്കുന്നതെന്ന് അത്തരക്കാർ വാദിക്കുന്നു. പക്ഷെ, ജീവശാസ്ത്രപരമായ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ ഒന്നും പ്രകൃതിവിരുദ്ധമല്ല. സാധ്യമായതെല്ലാം പ്രകൃതിപരം തന്നെ എന്നു നിർവ്വചിക്കാം. പ്രകൃതിനിയമത്തിനു വിരുദ്ധമായിട്ടുള്ളൊരു സ്വഭാവത്തിന് പ്രകൃതിപരമായിത്തന്നെ നിലനിൽക്കാനാവില്ല. അത്കൊണ്ട് ആരും അതിനെ നിരോധിക്കേണ്ട ആവശ്യവും വരില്ല. പ്രകാശസംശ്ളേഷണത്തിൽ നിന്നും പുരുഷൻമാരെയോ പ്രകാശത്തക്കാളും വേഗതയിൽ ഓടുന്നതിൽ നിന്നും സ്ത്രീകളെയോ നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളെ പരസ്പരം ആകർഷിക്കുന്നതിൽ നിന്നോ തടയുന്നതിനെക്കുറിച്ച് ഏതെങ്കിലും സംസ്കാരം അസ്വസ്ഥരായിട്ടില്ല. 'പ്രകൃതിപരം',  'പ്രകൃതിവിരുദ്ധം' തുടങ്ങിയ സംജ്ഞകൾ ജീവശാസ്ത്രത്തിൽ നിന്നല്ല, പകരം ക്രിസ്ത്യൻ ദെെവശാസ്ത്രത്തിൽ നിന്നാണ് നമ്മളെടുത്തിട്ടുള്ളത് എന്നതാണ് വസ്തുത.
പ്രകൃതിപരം എന്നതിൻറ ദെെവശാസ്ത്രപരമായ അർത്ഥം പ്രകൃതിയെ സൃഷ്ടിച്ച ദെെവത്തിൻറ അഭീഷ്ടങ്ങൾക്കനുസൃതമായ എന്നാണ്‌. ഓരോ അവയവത്തിനും പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് ദെെവം മനുഷ്യശരീരത്തെ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് ക്രെെസ്തവ ദെെവശാസ്ത്രജ്ഞരുടെ വാദം. അതേ ഉദ്ദേശ്യത്തിനുപയോഗിക്കുമ്പോൾ പ്രകൃതിപരം, അല്ലെങ്കിൽ പ്രകൃതിവിരുദ്ധം. എന്നാൽ, ജെെവപരിണാമത്തിന് പ്രത്യേക ഉദ്ദേശ്യ-ലക്ഷ്യങ്ങളൊന്നുമില്ല. അവയവങ്ങളൊന്നും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി മാത്രം പരിണമിച്ചതല്ല. കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പു രൂപപ്പെട്ട അവയവങ്ങളിലൊന്നു പോലും അതിൻറ ആദ്യാവസ്ഥയിൽ നിർവ്വഹിച്ച ധർമ്മം മാത്രം ഇപ്പോഴും നിർവ്വഹിക്കുന്നതായില്ല. ചില പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിയാണ് അവയവങ്ങൾ പരിണമിക്കുന്നതെങ്കിലും ഒരിക്കൽ രൂപപ്പെട്ടാൽ മറ്റാവശ്യങ്ങൾക്കും അവയെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് 'മൾട്ടി സെല്ലുലാർ ഓർഗാനിസ'ത്തിനാവശ്യമായ പോഷകങ്ങൾക്കു വേണ്ടിയാണ് ആദ്യമായി വായ രൂപപ്പെട്ടത്. ആ ആവശ്യത്തിന് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റുപല ആവശ്യങ്ങൾക്കും നാമിന്ന് വായ ഉപയോഗിക്കുന്നു. അറുന്നൂറ്  മില്യൺ വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ ഉപയോഗിച്ചില്ലെന്നു കരുതി ഇന്ന് അതിൻറ മറ്റുപയോഗങ്ങൾ പ്രകൃതിവിരുദ്ധമാകുമോ? നമ്മുടെ ലെെംഗികാവയവങ്ങളുടെയും ലെെംഗികതയുടെയും കാര്യവും തഥെെവ. പുനരുൽപാദനമായിരുന്നു അവയുടെ പ്രാഥമിക കർത്തവ്യം. എന്നാൽ തങ്ങളുടെ ചെറിയ പതിപ്പുകളുണ്ടാക്കുക എന്ന ഉദ്ദേശ്യത്തിലുപരി മറ്റു പല സാമൂഹികാവശ്യങ്ങൾക്കും ധാരാളം മൃഗങ്ങളതിനെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ചിമ്പാൻസികൾ തങ്ങളുടെ ഇടയിലെ രാഷ്ട്രീയ സഖ്യങ്ങളെ ബലപ്പെടുത്താനും പരസ്പരബന്ധം മെച്ചപ്പെടുത്താനും സമ്മർദ്ദങ്ങളെ ലഘൂകരിക്കാനും ലെെംഗികതയെ ഉപയോഗിക്കുന്നു. അത് പ്രകൃതിവിരുദ്ധമാണോ?

ലിംഗഭേദം

പ്രസവിക്കുക എന്നതുമാത്രമാണ് സ്ത്രീയുടെ പ്രകൃതിധർമ്മം എന്നു പറയുന്നതിലോ അല്ലെങ്കിൽ സ്വവർഗരതി പ്രകൃതിവിരുദ്ധമാണെന്നു പയുന്നതിലോ അപ്പോൾ വലിയ കാര്യമൊന്നുമില്ല. സ്ത്രീത്വത്തെയും പുരുഷത്വത്തെയും നിർവ്വചിക്കുന്ന (അവയോടു ചേർത്തുപറയുന്ന) മിക്ക നിയമങ്ങളും ചട്ടങ്ങളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ജീവശാസ്ത്രപരമായ യാഥാർത്ഥ്യം എന്നതിനെക്കാൾ മനുഷ്യഭാവനയെയാണ് പ്രതിഫലിപ്പിക്കുന്നത്‌. ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനുമായാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്. ഒരു പുരുഷ ഹോമോസാപിയൻസിൽ ഒരു X ക്രോമോസോമും ഒരു Y ക്രോമോസോമുമാണുള്ളത്. സ്ത്രീ സാപിയൻസിൽ അത് രണ്ടു X ക്രോമോസോമുകളാണ്. പക്ഷെ, സമൂഹം സ്ത്രീയെന്നും പുരുഷനെന്നുമൊക്കെ വിളിക്കുമ്പോൾ ജീവശാസ്ത്രപരം എന്നതിനെക്കാൾ സാമൂഹ്യമായൊരു അർത്ഥതലമാണതിൽ സന്നിവേശിക്കപ്പെട്ടിട്ടുള്ളത്‌. അത് പ്രകാരം പുരുഷനെന്നു പറയുമ്പോൾ ചില ജീവശാസ്ത്ര സവിശേഷതകളായ  XY ക്രോമോസോമും വൃഷണവും ധാരാളം ടെസ്റ്റോസിറോണുമുള്ളൊരു സാപിയൻസ് എന്നതിനെക്കാൾ അവൻറ സമൂഹമുണ്ടാക്കിയ കല്പിതക്രമത്തിൽ ചില സ്ഥാനങ്ങളിലെക്ക് പാകമായൊരു സാപിയൻസാണ്‌.  സമൂഹം അവനു ചില പൗരുഷമേഖലകളും (രാഷ്ട്രീയം പോലെ) അവകാശങ്ങളും (വോട്ടവകാശം പോലെ) കർത്തവ്യങ്ങളും (സെെനിക സേവനം പോലെ) കല്പിച്ചു കൊടുത്തിട്ടുണ്ട്. അതേ പ്രകാരം സ്ത്രീ എന്നു പറയുമ്പോൾ രണ്ട് X ക്രോമോസോമുകളും ഗർഭപാത്രവും ധാരാളം ഈസ്ട്രജനുമുള്ളൊരു സാപിയൻസ് എന്നതിനെക്കാൾ അവളൊരു സാങ്കൽപിക ക്രമത്തിലെ സ്ത്രീ അംഗമാണ്‌. അവളുടെ സമൂഹത്തിൻറ സാമൂഹ്യമിത്തുകൾ ജീവിതത്തിൽ അവൾക്ക് സവിശേഷമായ ചില സ്ത്രീത്വ ചുമതലകളും (കുട്ടികളെ വളർത്തുക) അവകാശങ്ങളും (അക്രമങ്ങളിൽ നിന്നുള്ള സുരക്ഷ ) കർത്തവ്യങ്ങളും (ഭർത്താവിനോട് അനുസരണയുള്ളവളാവുക) നൽകിയിട്ടുണ്ട്. ചില മിത്തുകളാണ് ഒാരോ വിഭാഗത്തിൻറയും മേഖലകൾ നിർണ്ണയിക്കുന്നത് എന്നത് കൊണ്ടുതന്നെ സ്ത്രീത്വം, പുരുഷത്വം എന്നീ സങ്കൽപങ്ങൾക്ക് വിവിധ സമൂഹങ്ങളിൽ വലിയ അർത്ഥഭേദങ്ങളുണ്ടായിട്ടുണ്ട്.

ഏറ്റവും ചുരുങ്ങിയത് കാർഷികവിപ്ളവം മുതലെങ്കിലും മിക്ക മനുഷ്യസമൂഹങ്ങളിലും പുരുഷമേധാവിത്വപരമായ അധികാരഘടനകളാണ്  നിലനിൽക്കുന്നത്. 'പുരുഷൻ', 'സ്ത്രീ' എന്നീ സംജ്ഞകൾക്ക് സമൂഹം എന്തർത്ഥം കൽപിച്ചാലും പുരുഷനായിരിക്കുക എന്നത് ഭേദപ്പെട്ട അവസ്ഥ തന്നെയായിരുന്നു. ഗോത്രീയഘടന (Patriarchy) പിന്തുടരുന്ന സമൂഹം സ്ത്രീയും പുരുഷനും എങ്ങനെയൊക്കെ  ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും പഠിപ്പിക്കുകയും അതിരുകൾ ലംഘിക്കാൻ ധെെര്യപ്പെടുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ആ ശാസനകളെ അനുധാവനം ചെയ്താൽ പോലും ഒരു പോലെയല്ല രണ്ടു ലിംഗത്തിൽ പെട്ടവരും മാനിക്കപ്പെടുക. സ്ത്രീകളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പരിമിതമായ വിഭവങ്ങളാണ് നീക്കി വെയ്ക്കുന്നത്. അവർക്ക് സാമ്പത്തിക അവസരങ്ങളും രാഷ്ട്രീയ ശക്തിയും സഞ്ചാര സ്വാതന്ത്ര്യവും കുറവാണ്. അപ്പോൾ, ചില ഓട്ടക്കാർ വെങ്കലമെഡലിനുവേണ്ടി മാത്രം മൽസരിക്കേണ്ടിവരുന്നൊരു മൽസരത്തിൻറ പേരാണ് 'ലിംഗം' അല്ലെങ്കിൽ 'ലിംഗഭേദം'.

ക്ളിയോപാട്രയെയോ ചെെനയിലെ വു-സെത്തിയാനെയോ എലിസബത്ത് രാജ്ഞിയെപ്പോലെയോ അപൂർവ്വം ചിലർ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ടാകാം. കാർഷികമോ വ്യാവസായികമോ ആയ ഒട്ടുമിക്ക സമൂഹങ്ങളിലും ഗോത്രീയ അധികാരഘടനയാണു നിലനിൽക്കുന്നത്. ഗോത്രീയ അധികാരഘടന എന്നത് സാർവത്രികമായൊരു പ്രതിഭാസമായതു കൊണ്ടുതന്നെ അത് ഏതെങ്കിലും തരത്തിലുള്ള അസ്പൃശ്യതയിൽ നിന്നും യാദൃച്ഛികമായി ഉണ്ടായതാവാൻ തരമില്ല.

സ്ത്രീ, പുരുഷൻ എന്നീ പ്രയോഗങ്ങൾക്ക് വിവിധ സംസ്കാരങ്ങളിൽ പാഠഭേദങ്ങളുണ്ടെങ്കിലും എന്തു കൊണ്ട് ഏറെക്കുറെ എല്ലാ സംസ്കാരങ്ങളും പുരുഷത്വത്തിന് സ്ത്രീത്വത്തെക്കാളും പ്രാധാന്യം കൊടുത്തു എന്നതിന് ചില ജീവശാസ്ത്രപരമായ കാരണങ്ങളുണ്ട് എന്നതിനാണ് കൂടുതൽ സാധ്യത. എന്താണാ കാരണമെന്ന് നമുക്ക് കൃത്യമായറിയില്ല. പല തിയറികളുമുണ്ടെങ്കിലും ഒന്നും അത്ര തൃപ്തികരമല്ല.

പേശീബലം കൊണ്ട് സ്ത്രീയെ ചൊല്പടിക്കു നിർത്താൻ വിധത്തിൽ പുരുഷൻ ശക്തനായതുകൊണ്ടാണെന്നാണ് ഒരു വാദം. ഇതിൻറ തന്നെ അല്പം ഗൂഢമായൊരു വ്യാഖ്യാനപ്രകാരം നിലമുഴുതൽ, വിളവെടുക്കൽ തുടങ്ങി കൂടുതൽ കായികശേഷി ആവശ്യപ്പെടുന്ന ജോലികൾ പുരുഷനു സാധ്യമായതിനാൽ ഭക്ഷ്യോൽപാദനം അവൻറ നിയന്ത്രണത്തിലായി. അത് തന്നെയാണ് പിന്നീട് രാഷ്ട്രീയാധികാരമായി രൂപപ്പെട്ടതും. ചുരുക്കത്തിൽ കായികശേഷി പ്രധാനമാണ്. കായികശേഷി ആവശ്യമില്ലാത്ത (പുരോഹിത പദവി, രാഷ്ട്രീയം, നിയമം) ജോലികളാണ് സ്ത്രീകളെ അകറ്റിനിർത്തിയ ജോലികളിൽ പലതുമെന്നതാണ് ഈ തിയറിയുടെ പ്രധാന ന്യൂനത.

ശാരീരികശേഷിയും അധികാരശേഷിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഇരുപതുകളിലുള്ള യുവാവിനുമേൽ അറുപതുകളിലുള്ള ശേഷികുറഞ്ഞ കാരണവർ അധികാരം പ്രയോഗിക്കുന്നത് നാം കാണുന്നു. അധോലോകത്തിലെ ബോസ് ഒരു പക്ഷെ വയോവൃദ്ധനായിരിക്കാം.

കരുത്തിനെക്കാളേറെ ആക്രമണ സ്വഭാവമാണ് പുരുഷമേധാവിത്വം സാധ്യമാക്കിയതെന്നാണ് മറ്റൊരു തിയറി. ലക്ഷക്കണക്കിനു വർഷങ്ങളിലെ സാഹചര്യങ്ങളുണ്ടാക്കിയ പരിണാമത്തിൽ പുരുഷൻറ സ്വഭാവം സ്ത്രീയെക്കാളും അക്രമോൽസുകമായി. അതിൻറ ഫലമായാണ് കാലങ്ങളായി യുദ്ധം പുരുഷൻറ സവിശേഷ ജോലിയായത്.

ഗർഭധാരണത്തിൻറയും കുഞ്ഞുങ്ങളെ വളർത്തുന്നതിൻറയും ദീർഘമായ കാലയളവിനിടയ്ക്ക് ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കും സ്ത്രീക്ക് പുരുഷൻറ സഹായം അനിവാര്യമായിരുന്നുവെന്നും നിരവധി തലമുറകളായുള്ള ഈ വിധേയത്വ മനോഭാവം ദീർഘമായ പരിണാമകാലയളവിൽ സ്ത്രീയിൽ വേരുറച്ചതായി മാറി എന്നുമാണ് ജീവശാസ്ത്ര തലത്തിലുണ്ടായ വേറൊരു തിയറി.

മറ്റുള്ള കാര്യങ്ങളെന്തൊക്കെയായാലും ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടായി എന്നു നമുക്കറിയാം. കൂടുതൽ കൂടുതൽ സമൂഹങ്ങൾ ജീവിതത്തിൻറ നിഖിലമേഖലകളിലും സ്ത്രീക്ക്  അവസരസമത്വം നൽകാൻ തുടങ്ങുക മാത്രമല്ല ലിംഗഭേദം, ലെെംഗികത എന്നിവയെക്കുറിച്ചുള്ള അവരുടെ അടിസ്ഥാനസങ്കൽപത്തിൽ തന്നെ മാറ്റം വരുത്താൻ തുടങ്ങി. അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിൻറ ആരംഭത്തിൽപോലും സ്ത്രീയുടെ വോട്ടവകാശം വലിയൊരു പ്രശ്നമായിരുന്നു. കാബിനറ്റ് സെക്രട്ടറി, സുപ്രീംകോടതി ജഡ്ജി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കുക എന്നു കരുതുന്നത് തന്നെ പരിഹാസ്യമായിരുന്നു. സ്വവർഗ്ഗരതി പരസ്യമായി ചർച്ച ചെയ്യാവുന്ന വിഷയമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. മൂന്നു വനിത ജഡ്ജിമാരടക്കമുള്ള അഞ്ചംഗ സമിതിയാണ് നലു പുരുഷജഡ്ജിമാരുടെ എതിർപ്പ് മറികന്ന് സ്വവർഗരതി നിയമവിധേയമാക്കിയുള്ള 2013ലെ വിധി പുറപ്പെടുവിച്ചത്.

നാടകീയവും ചടുലവുമായ ഈ മാറ്റങ്ങളാണ് ലിംഗനീതിയുടെ ചരിത്രത്തെ സംഭ്രമജനകമാക്കുന്നത്. ഇന്ന് സുതരാം വ്യക്തമാകുന്നത് പോലെ ജീവശാസ്ത്രപരമെന്നതിനെക്കാൾ ചില മിത്തുകളുടെ പിൻബലത്തിലാണ് പുരുഷകേന്ദ്രിതമായ ഈ അധികാരശ്രേണി നിലനിൽക്കുന്നതെങ്കിൽ അതിൻറ സാർവ്വലൗകികതയുടെയും സ്ഥിരതയുടെയും പ്രസക്തിയെന്താണ്?

Comments